Monday, October 31, 2016

ദാവണികനവുകൾ...



തുലാം പത്ത്‌ കഴിഞ്ഞാൽ മഴ മരപൊത്തിലാണെന്ന് ഒരു പഴമൊഴിയുണ്ട്‌. ഇതിവിടെ കുറിക്കാൻ കാരണം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പത്രവാർത്തകളിൽ സ്ഥാനം പിടിക്കാത്ത അല്ലെങ്കിൽ ആരുന്‍ ശ്രദ്ധിക്കപെടാതെ പോയ ഒരു വാർത്ത വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.. ആർഭാട ജീവിതത്തിനു വേണ്ടി മോഷണം തൊഴിലാക്കിയവരെ പിടികൂടിയെന്ന്. മഴക്കാലം മരപ്പൊത്തിൽ വിശ്രമിക്കാൻ പോയി എന്ന് തസ്ക്കരന്മാർ മനസ്സിലാക്കിതുടങ്ങി എന്നർത്ഥം.....

മോഷണം ആർഭാഡജീവിതത്തിനു വേണ്ടിയെന്ന് പറയുമ്പോൾ തന്നെ നമ്മൾ മലയാളികളായ അനുകരണനത്തിനു എത്ര പ്രാധാന്യം കൊടുക്കുന്നൂവെന്ന് ചിന്തിക്കുന്നതിനോടൊപ്പം തന്നെ വേറെ ഒരു സംസ്ഥാനത്തും ഇത്രത്തോളമുണ്ടാവുകയില്ല... അഭിമാനിക്കാം..(?). ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന അറിയപ്പെടുന്ന കേരളത്തിൽ ആണ്‌ ഈ പ്രതിഭാസങ്ങൾ കൂടുതൽ അരങ്ങേറുന്നത്‌ എന്ന പേരിൽ...

അനുകരണം നല്ലത്‌ തന്നെ ഒരു നാണയത്തിനു ഇരുവശമെന്നപോലെ അനുകരണത്തിനുമുണ്ട്‌ ഇരട്ടമുഖം. അതിൽ ഏറ്റവും നല്ലരീതിയിൽ അനുകരണത്തെ പ്രോത്സാഹിപ്പിക്കുന്നത്‌ മാതാപിതാക്കളാണ്‌ .. അത്‌ വേറെ ഒന്നിനും വേണ്ടിയല്ല. നന്നായി പഠിക്കുന്ന അല്ലെങ്കിൽ പെരുമാറുന്ന ഏതെങ്കിലും സദസ്വഭാവമുള്ള ഒരു കുട്ടിയുണ്ടെങ്കിൽ നോക്കൂ അവനെ/ അവളെ കണ്ട്‌ പഠിക്ക്‌ എന്ന് പറഞ്ഞാൽ ആ കുട്ടി പിന്നീട്‌ അയൽവാസിയുടെ സ്വഭാവങ്ങളെ അനുകരിക്കാൻ ശ്രമിക്കും കാരണം സ്വന്തം വീട്ടുകാരുടെ മുന്നിൽ താനും മോശക്കാരല്ല എന്ന് തെളിയിക്കാൻ വേണ്ടി . ഞാനും അനുകരിച്ചിട്ടുണ്ട്‌. അതിന്റെ തിക്തഫലം അനുഭവിച്ചിട്ടുമുണ്ട്‌ ആ ഓർമ്മകളിലേക്ക്‌......

പത്താംക്ലാസ്‌ പരീക്ഷ കഴിഞ്ഞ സമയം. ഒരു മാസം എനിക്ക്‌ സ്വാതന്ത്ര്യം തന്നിരിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ ഞങ്ങളുടെ വീട്‌പണിക്ക്‌ വേണ്ടി കൊല്ലങ്കോട്‌ ആലമ്പള്ളമെന്ന അഗ്രഹാരത്തിൽ താമസിക്കുന്ന സമയം.
ആ ഗ്രാമത്തിലെ ആദ്യത്തെ പുലരി. ഞാനെഴുന്നേറ്റ്‌ കുളിച്ച്‌ നേരെ ഉമ്മറത്തേക്ക്‌ . ഉമ്മറമെന്ന് പറയാൻ ഇല്ല കാരണം ഗ്രില്ലിട്ടിട്ടുണ്ട്‌.. ഒരു അരമതിലുണ്ട്‌ അവിടെയിരുന്നു ഞാൻ അഗ്രഹാരത്തിന്റെ മനോഹാരിത ആസ്വദിക്കുകമായിരുന്നൂ. പാൽക്കാരനും ,പൂക്കാരനും അവിടെ നിത്യസന്ദർശകർ മാത്രമല്ല ഓരോ വീട്ടിലെയും അംഗം പോലെതന്നെ. ഞാനെന്ന പുതിയമുഖത്തെ കണ്ടത്‌ കൊണ്ടോ ബിസിനസ്സ്‌ ട്രിക്കോ എനിക്കും ഒരു മുഴം പൂവ്‌ തന്നു. പിച്ചിയും മുല്ലയും കൂടി ഇടകലർത്തി വാഴനാരിൽ കെട്ടിയെടുത്ത നല്ല വാസനയുള്ള പൂമാല. ഈ കാഴ്ച്ചകൾക്കിടയിലാണ്‌ എന്നെയും മോഹിപ്പിച്ച എനിക്കും അനുകരണം എന്നാ കല എന്റെ മനസ്സിൽ ഇരച്ചുകയറിയത്‌ . എന്റെ പ്രായത്തിലുള്ള കുട്ടികളെല്ലാം ദാവണിചുറ്റി പൂവും ചൂടി കൈനിറയെയുള്ള കുപ്പിവളകളും ഇട്ട്‌ ഗോപികമാരായി അമ്പലത്തിലേക്ക്‌ പോവുന്നൂ . അതും സൈക്കളിൽ. അതുമാത്രമോ ഈ പോവുന്നവരെല്ലാം എന്നെ നോക്കി ഒരു പരിഹാസചിരി സമ്മാനിച്ചിരുന്നു. നിനക്ക്‌ ഇതിനൊന്നും കഴിയില്ല പെണ്ണേയെന്ന് നിശബ്ദമായി പറയുന്നൂ അവരുടെ ചിരിയും മിഴികളും. അത്‌ സ്ഥാപിക്കാനെന്നോണം പിന്നീടുള്ള ദിവസങ്ങളിൽ സൈക്കളിലെ ബെല്ലടിച്ച്‌ എന്നെ പ്രകോപ്പിച്ചുകൊണ്ടേരുന്നൂ. പ്രകൊപിതയും പ്രലോഭിതയുമായി.ഞാന്‍ തീരുമാനിച്ചു .. ദാവണിയുടുത്ത്‌ ഒരു പ്രാവശ്യമെങ്കിലും സൈക്കളിൽ അവരുടെ മുന്നിലൂടെ പോകണമെന്ന്... തുടർന്ന് വീട്ടിൽ നിരാഹാരസമരംവരെ നടത്തി ഒരു ദാവണി സംഘടിപ്പിച്ചൂ...

എന്നത്തെക്കാളും നേരത്തെ ഉണർന്ന് കുളിച്ച്‌ മുടിയിൽ പൂവ്‌ വെച്ച്‌ കുപ്പിവളയും.. മഞ്ഞയിൽ ചുവന്നനിറത്തോട്‌ കൂടിയ കസവുകരയുള്ള പാവാടയും ബ്ലൗസും അതിനു യോജിക്കുന്ന ചുവപ്പ്‌ ദാവണിയും ചുറ്റി ഞാനുമൊരു ഗോപികയായി; കണ്ണനെ കാണാൻ പോവുന്ന മറ്റ്‌ ഗോപികമാരെപ്പോലെ.

ചേട്ടന്റെ സൈക്കളെടുത്ത്‌ ഞാനും അമ്പലത്തിലേക്ക്‌ വെച്ച് പിടിച്ചു. മണൽവിരിച്ച അഗ്രഹാരമുറ്റത്തുകൂടെ സൈക്കിൾ ഉപയോഗിക്കുക പ്രയാസമാണെന്ന് ആദ്യത്തെ തിരിച്ചറിവായിരുന്നു. തോൽക്കാൻ മനസ്സ്‌ സമ്മതിച്ചില്ല. സൈക്കളിന്റെ പെഡലിൽ ആഞ്ഞ്‌ ചവിട്ടി ഞാന്‍ വേഗം കൂട്ടാന്‍ ശ്രമിച്ചതും പാവാട കാലിലും പെഡലിലും ഉടക്കി ഞാൻ വീണതുമൊരുമിച്ച്‌. ആ വീഴ്ച്ചയിൽ മണൽമുറ്റത്ത്‌ ഒളിഞ്ഞുകിടന്നിരുന്നകുപ്പിച്ചില്ല്ശരീരത്തിൽ തറച്ച്‌ കയറി. അനുകരണത്തില്‍ ഒളിഞ്ഞു കിടക്കുന്ന അബദ്ധങ്ങളുടെയും അതുണ്ടാക്കുന്ന ജാള്യതയുടെ ഓർമ്മപ്പെടുത്തലെന്നോണം ഇന്നുംയ്‌ ശരീരത്തിൽ ഒരു പാടായും മുറിവേറ്റ ആവേശത്തിന്റെയും അനാവശ്യയനുകരണത്തിന്റെ അടയാളമായും അവശേഷിക്കുന്നൂ..

ചില അനുകരണങ്ങളങ്ങനെയാണ്‌, ചോരപോടിഞ്ഞ മുറിപ്പാടിന്റെ ബാക്കിപത്രമായി ജീവിതാവസാനംവരെ നിലനിൽക്കും...

Saturday, October 29, 2016

മുക്കുറ്റിപൂവ്‌


         
        അലസമായി നടക്കുന്നതിനിടയിലായിരുന്നു ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞത്‌ കണ്ണിനും മനസ്സിനും കുളിർമ്മ തരുന്ന ആ കാഴ്ചയെ ഞാൻ ആവോളം ആസ്വദിച്ചു.  പരിചരിക്കാനോ അവ്വൾ പുഷ്പിണിയാവുന്നതോ നോക്കി കാത്തിരിക്കാനാരുമില്ലെങ്കിലും  വസന്തകാലത്തിന്റെ വരവറിയിക്കാനെന്നോണം ഇപ്രാവശ്യവും അവ്വൾ പതിവു തെറ്റിക്കാതെ എത്തിയിരിക്കുന്നു.
 
     വർഷങ്ങളുടെ സുഖദുഃഖ സമ്മിശ്ര പ്രവാഹത്തിൽ  കഴിഞ്ഞത്‌ പലതും മറന്ന കൂട്ടത്തിൽ ആദ്യമായി മുക്കുറ്റി പൂവിൽ ഒളിഞ്ഞിരുന്നിരുന്നാ വലിയ രഹസ്യം  എനിക്ക്‌ പറഞ്ഞു തന്ന അമ്മിണ്ണിയമ്മയും എന്റെ ഓർമ്മകളിലേക്ക്‌ ഇരച്ചു കയറി...
 
  " ദേ.., നോക്കൂ അമ്മിണ്ണ്യമ്മേ ന്റെ കൈയ്യിലെന്താ ന്നു.."

 "ന്താ അമ്മൂട്ട്യേ..  ആ പൊന്തയിലൊന്നും പോയി നിക്കണ്ട വല്യമ്രാൾ കണ്ടാലെന്നെ ചീത്ത പറയും, കുട്ടി വേഗം വരൂ...."

"ഇതു കണ്ടോ എന്തു ഭംഗിയാ നോക്കൂ.."

 ആ ഇതു മുക്കുറ്റിപൂവല്ലേ....?? അതും മൂന്നെണ്ണം ഒരു ഞെട്ടിൽ ..അമ്മൂട്ടിക്ക്‌ നല്ല ഭാഗ്യണ്ട്‌ അതോണ്ടല്ലേ ഇതു കിട്ടീത്‌.. ഒരു കാര്യം അറിയ്യോ കുട്ടിക്ക്‌ ...??

" ഇല്ല്യാല്ലോ... ന്താ കാര്യം ..."

 "ആരോടും പറയണ്ട ട്ട്വോ അമ്മൂട്ടിക്ക്‌ മാത്രം പറഞ്ഞു തരാം " ന്താച്ചാ ന്റെ അമ്മൂട്ട്യല്ലെ ...

അമ്മുണ്ണ്യമ്മടെം അമ്മൂട്ടിയായതിൽ ഞാൻ കുറേയധികം സന്തോഷിച്ചു .ഇന്നു വരെ ആർക്കും പറഞ്ഞുകൊടുക്കാത്ത ആ സ്വകാര്യത്തിനായി  ഞാൻ അവ്വരുടെ മുഖത്തേക്ക്‌ നോക്കി..

   "ഈ മൂന്ന് മുക്കുറ്റി കിട്ടാന്ന് വെച്ചാ കുട്ടീടെ ഒരു ആഗ്രഹം സാധിച്ചു അതാ അറീയ്യോ ...??

 " ഇല്ല്യാ ..... അതെങ്ങനെ..??" ന്റെ ആകാംക്ഷ ഉച്ഛസ്ഥായിയിലെത്തിയിരുന്നു..
 
 "അയ്യേ ഉസ്കുളിൽ പോണ കുട്ട്യാ ന്നിട്ടും ഒന്നും അറയില്ല്യാച്ചാ .. അമ്മൂട്ടി ഈ മുക്കുറ്റി പൂവ്‌ ല്ലാർക്കും കിട്ടില്ല്യാ .. അതാ പറഞ്ഞേ അമ്മൂട്ടിക്ക്‌ ഭാഗ്യം ഉണ്ടെന്ന്... നീം വിശ്വാസായില്ല്യാച്ചാ കുട്ടീ ഒരു കാര്യം മനസ്സിൽ വിചാരിക്കൂ ന്നിട്ട്‌ അത്‌ നടക്കുമോ ന്ന് നോക്കാല്ലോ..."

   എനിക്ക്‌ കിട്ടിയ മുക്കുറ്റി ഭാഗ്യം പരീക്ഷിച്ചത്‌  കണക്ക്‌ ടീച്ചറോടായിരുന്നു. ഒരിക്കൽ പോലും അവധി എടുക്കാത്ത ടീച്ചർ ഒരു ദിവസം വരാതിരുന്നെങ്കിൽ  ഞാൻ ഉൾപ്പെടെ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിന്നു..ന്റെ ഇൻസ്ട്രുമന്റ്‌ ബോക്സിൽ ഞാൻ ആ മുക്കുറ്റി ഒളിപ്പിച്ചു.

 അമ്മിണ്യമ്മേടെ സ്വകാര്യമായ ആ അറിവിനു അത്രേം ശക്തി ഉണ്ടെന്നു തിരിച്ചറിഞ്ഞത്‌  അന്ന് കണക്ക്‌ ടീച്ചർ വന്നില്യാന്ന് അറിഞ്ഞപ്പോൾ മാത്രം.

ഞാൻ ന്റെ പെൻസിൽ ബോക്സ്‌ പതുക്കെ തുറന്നു .. ചെറുതായി വാടാൻ തുടങ്ങിയിരുന്നു എങ്കിലും ആ ഇതളുകൾ എന്നെ നോക്കി ഒരു കുസൃതി ചിരി (?) .....

എത്രയും പെട്ടെന്ന്  വൈകുന്നേരം ആവ്വാൻ ഞാൻ കൊതിച്ചു ന്നിട്ട്‌ വേണം ഈ മുക്കുറ്റിപൂവിന്റെ ശക്തിയും ഭാഗ്യവും അമ്മിണ്ണ്യമ്മോട്‌ പരയ്യാൻ..

 "പ്പോ മനസ്സിലായില്ല്യേ  നിക്കും കുറേ കാര്യങ്ങളറിയാന്ന് .. പിന്നെ  ഇതൊന്നും വേറെ ആരോടും പറയണ്ടാ ട്ടോ .. നിക്ക്‌ കുട്ട്യോട്‌ അത്രേം ഇഷ്ടണ്ട്‌ അതാ പറഞ്ഞത്‌.."

അന്നെന്റെ കുഞ്ഞുമനസ്സിൽ അമ്മിണ്യമ്മ ഒരുപാട്‌ അദ്ഭുതങ്ങൾ അറിയാവുന്ന  വല്യ ഒരാളായി സ്ഥാനം പിടിച്ചു കഴിഞ്ഞു.

  പിന്നീട്‌  മുക്കുറ്റി പൂത്ത്‌ ചിരിക്കുമ്പോഴെല്ലാം ഞാൻ അവ്വർക്കിടയിൽ ഒരു ഞെട്ടിൽ വിരിഞ്ഞ മൂന്ന് പൂക്കളെ തേടാറുണ്ടായിരുന്നു ... പക്ഷെ ഭാഗ്യത്തെക്കാൾ നിർഭാഗ്യമായിരുന്നു കൂടെ ഉണ്ടായിരുന്നത്‌ ... ഞാൻ നിസ്സാഹയതയോടെ തിരിഞ്ഞു നടന്നിട്ടുണ്ട്‌ എപ്പോഴും , എങ്കിലും ഒരിക്കൽകൂടി എന്നെത്തേടി ആ മുക്കുറ്റി ഭാഗ്യം വരുമെന്ന പ്രതീക്ഷയിൽ...

    ഓർമ്മകളിൽ നിന്നുണർത്തുവാനെന്നോണം മാരുതൻ എന്റെ കവിളുകളിൽ തലാടി , സുഖസ്മരണയിലെ മോചനത്തിൽ നിന്നും ന്റെ മിഴികൾ നീണ്ടത്‌ അവശ്വസനീയമായ ആ കാഴ്ച്ചയിലേക്കായിരുന്നു. വീണ്ടും അമ്മിണ്യമ്മേടെ വാക്കുകൾ സത്യമാണെന്നു തെളിയിക്കാൻ(?) എന്നെ കാത്ത്‌ തലയുയർത്തി പിടിച്ചു മൂന്ന് മുക്കുറ്റി...

      നിശബ്ദ്ധമായ ന്റെ ഒരു ആഗ്രഹം സഫലമാവുമോ...??? ഞാൻ മുക്കുറ്റിയെ നോക്കി അതെന്നെ നോക്കി പുഞ്ചിരിക്കുന്നു മൃദുവായി വർഷങ്ങൾക്ക്‌ മുന്നേ ആ പെൻസിൽ ബോക്സിൽ കണ്ട അതെ കുസൃതിച്ചിരി ....!!!!

Thursday, October 27, 2016

ശാന്തിതീരങ്ങൾ

ശാന്തിതീരങ്ങൾ...
*****************
             ചോദ്യപ്പേപ്പിറിലെ അവസാന ചോദ്യത്തിനു ഉത്തരമെഴുതി പൂർണ്ണവിരാമമിട്ടു...പക്ഷെ മനസ്സ്‌ അപ്പോഴും ഏതൊക്കെയോ ചോദ്യങ്ങൾക്ക്‌ ഉത്തരം തേടി അലയുകയായിരുന്നത്‌ കൊണ്ടാവാം തറവാട്ടിലേക്ക്‌ പോകുവാനുറപ്പിച്ചു. 

      ആ യാത്രയിലെല്ലാം മനസ്സ്‌ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നൂ.... അതുകൊണ്ട്‌ തന്നെ ദേഹം മാത്രം വർത്തമാനകാലത്തിൽ ഉണ്ടായിരുന്നുള്ളൂ ദേഹിയും ചിന്തകളും അവളെ ഭൂതകാലത്തെക്ക്‌ കൂട്ടി കൊണ്ടുപോയിരുന്നൂ..

    അപ്രതീക്ഷിതമായ അവളുടെ കയറിചെല്ലൽ ആദ്യം അമ്മമ്മക്ക്‌ ഒരു അമ്പരപ്പ്‌ ഉണ്ടാക്കിയെങ്കിലും പിന്നീട്‌  ആ മുഖം പൂർവ്വാധികം പ്രസന്നമായി...

 "ഞാനിപ്പോ ഓർത്തേള്ളൂ ,നിന്നെ " 

   " അയ്യടാ കള്ളം... അചഛമ്മ കള്ളം പറയാട്ടോ  അങ്ങനെ ഒരു സംഭവേ ഉണ്ടായിട്ടില്ല ട്ടോ ഓപ്പേ.." അനിയൻ പറഞ്ഞപ്പോ..

"പോടാ നിന്നോട്‌ പറഞ്ഞിട്ട്‌ വേണോ നിക്ക്‌ ന്റെ കുട്ടിയെ ഓർക്കാൻ " അമ്മമ്മയുടെ ഉത്തരത്തിൽ പിന്നെ അവൻ ഒന്നും മിണ്ടിയില്ല...

   ഭക്ഷണത്തിനു മുന്നിൽ ഇരുന്നപ്പോൾ ..അമ്മമ്മ അവളേ ഓർക്കാനുണ്ടായിരുന്ന കാരണം ബോധ്യമായത്‌... കടുമാങ്ങാ അച്ചാറിന്റെ ഭരണി പോട്ടിച്ചത്‌ അന്ന് രാവിലെയാണ്‌ കാരണം  വായുവിൽ അപ്പോഴും കടുമാങ്ങയിൽ ചേർത്ത പച്ചകടുകിന്റെ മണം...

 "അവൾ പറഞ്ഞു മോഹിനെയും കൂട്ടി ഒരു സ്ഥലം വരെ പോവും അമ്മമ്മ പറ്റില്ല്യാന്ന് പറയരുത്‌.... " 

എവിടേക്കാ .... ടൗണിലേക്ക്‌ നിന്റെ ഫ്രണ്ട്സിന്റെ അടുത്തേക്കോ ആണെങ്കിൽ പറ്റില്ല്യാ... നി തോട്ടിലേക്കാണച്ചാ അരമണിക്കൂറുനുള്ളിൽ തിരിച്ച്‌ വരാം ന്ന് ഉറപ്പ്‌ തന്നാൽ വിടാം..."

 അവിടെക്കൊന്നുമല്ല... ഞാൻ വല്യമുത്തശ്ശിടെ  തറവാടിന്റെ അവിടെ വരെ പോയി വരാം.. പാമ്പിൽ കാവിൽ വിളക്ക്‌ വെക്കണം പിന്നെ അവിടെ ഭഗോതിടെ ശ്രീമൂല സ്ഥാനത്ത്‌ പ്രാർത്ഥിക്കും വേണം... മാമയും അമ്മായിം വരുന്നതിനു മുന്നേ ഞങ്ങൾ എത്തിക്കോളാം...

അർദ്ധസമ്മതയായ അമ്മമ്മക്ക്‌ ഒരു പുനർച്ചിന്ത ഉണ്ടാവുന്നതിനു മുന്നേ അവൾ മോഹിന്റെ കൈയ്യും പിടിച്ച്‌ വണ്ടിയിൽ കയറി.... 

   പായലു മൂടിയ കുളത്തിലെ വേള്ളത്തിനു നല്ല പച്ചനിറം വന്നിട്ടുണ്ട്‌... എങ്കിലും അവൾ നീന്തൽ പഠിച്ചതും സ്കൂൾ അവധിക്കാലവും  കുടുംബത്തിലെ മറ്റ്‌ സഹോദരീസഹോദരന്മാരുടെകൂടെ ചിലവഴിച്ചതും ഈ കുളവും കൽപടവുകളുമാണെന്ന ഓർമ്മകൾ അവളെ  ആ കുളം മാടിവിളിക്കുന്നതായെ തോന്നി .. പടവുകൾ ഇറങ്ങി വെള്ളത്തിൽ കാൽ വെച്ചപ്പോൾ ആ തണുപ്പ്‌ ശരീരത്തെ മാത്രമല്ല മനസ്സിനും കുളിർമ്മയേകി... പിന്നെ ഒന്നും ആലോചിച്ചില്ല ഒറ്റമുങ്ങൽ... തലതുവർത്തി ഈറനോട്‌ പാമ്പ്‌ കാവിലും പരദേവതകളോടും കൈകൂപ്പി ... 
പിന്നീട്‌ തേക്കെ തൊടിയിലെ മാവിൻ ചുവട്ടിലേക്ക്‌ പോയി ഒരു ചിരാത്‌    മഴ്അ  വിടചോദിച്ചിറ്റ്‌ അധിക ദിവസമായിട്ടില്ലെന്ന് അറിയിച്ചത്‌  അതിൽ നിറച്ച്‌ വെള്ളവും ..വെള്ളം തൂത്ത്‌ കളഞ്ഞ്‌ ചിരത്‌ ത്ടച്ച്‌ ഈർപ്പം മാറ്റിയതിനു ശേഷം കുറച്ച്‌ എണ്ണ  ഒഴിച്ച്‌ തിരിത്തെളിയിച്ചു.. ഒരു ദീർഗ്ഘനിശ്വാസത്തോടെ തിരിഞ്ഞു നോക്കി...

      പണ്ടത്തെ നാലുകെട്ടിന്റെ അവശേഷിപ്പുകൾ എന്നു പറയാൻ ഉണ്ടായിരുന്ന്ത കിണറും കൊട്ടത്തളവും മാത്രം പിന്നെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചെങ്കല്ലുകളും.. ആ കൊട്ടത്തളത്തിൽ കുളിച്ചതും പത്തായപ്പുരയിലും കൊട്ടിലിലും ഓടി നടന്നതും  കാപ്പി ചെടിയും അവ പറിച്ചെടുത്തതും ഇന്നും അവളുടെ ഓർമ്മകളിൽ മങ്ങലേൽപ്പിച്ചിട്ടില്ല്യാ... രമണിയെന്ന വല്യമ്മായിയും.. 

പണിയെടുക്കുന്ന ഒരു യന്ത്രം.അതായിരുന്നൂ വല്ല്യാമായി... അന്ന് ഞാനെന്ന ആറേഴു വയസ്സുക്കാരിക്ക്‌ അവർ ഇടക്കിടക്ക്‌ കണ്ണുകൾ തുടച്ചിരുന്നതെന്തിനെന്നറിയില്ലാരുന്നു...മറ്റാരൊക്കെയോ വരച്ച്‌ കാട്ടിയ ഒരു രൂപമായിരുന്നു അവർക്ക്‌...  സ്വന്തമായി അവർക്കൊന്നുമില്ലായിരുന്നൂ ..ആ നാലുകെട്ടിൽ വടിക്കിനിയിൽ മാത്രമേ കണ്ടിട്ടുള്ളൂ... അടുക്കളപണിയെല്ലാം കഴിഞ്ഞാൽ ഒരു ചൂലുമെടുത്ത്‌ അവർ നടക്കുമായിരുന്നൂ.... അവർ ഉറങ്ങുന്നതോ ഉണരുന്നതോ ഉണ്ണുന്നതോ ഞാൻ കണ്ടിട്ടേയില്ല... എപ്പോഴും ധൃതി മാത്രം ആ വേഗത അവരുടെ സംസാരത്തിനും ഉണ്ടായിരുന്നൂ.... 

  വല്ല്യമ്മായിടെ  ഏറ്റവും വലിയ ദുഃഖം ഒരു പെൺകുഞ്ഞില്ലെന്നായിരുന്നൂ എന്നതായിരുന്നു... അവരുടെ കാലശേഷം വല്ല്യമാമയെ നോക്കാനും .അവരുടെ അസ്ഥിത്തറക്ക്‌ ഒരു തിരിതെളിയിക്കാനും വർഷത്തിലെരിക്കൽ ഒരിക്കലെടുത്ത്‌ ബലിയിടാനും ഒരു മകൾ ഇല്ലാതിരുന്നതേ എപ്പോഴൊക്കെയോ വാക്കുകളിലൂടെ ഉതിർന്ന് വീണിരുന്നൂ... പിന്നീട്‌ അവർ സമാധാനിച്ചിരുന്നൂ സ്വന്തമായി മകളില്ലെങ്കിലും സ്നേഹവും വാത്സല്യവും ഊട്ടിയ മക്കൾക്ക്‌ തുല്ല്യാരായ്‌ വേറെ മൂന്ന് പെൺകിടാങ്ങളുണ്ടല്ലോന്ന്...പാവം ആ ചിന്തയും വ്യഥാവിലായിരുന്നൂ.....

"ഓപ്പേ..... മോഹിടെ വിളി ചിന്തകൾക്ക്‌ വിരാമമിട്ടു...."

"ഉം...."

"പോവാം... വാ അമ്മ വന്ന എനിക്ക്‌ തല്ലു കിട്ടും... മാത്രല്ല എനിക്കെന്തോ ഒരു പേടി തോന്നുന്നൂ...."

 "ശരി ...വാ ,പോവാം.."

അവന്റെ കൈ പിടിച്ച്‌ നടക്കവേ ഒരു ഇളം തെന്നൽ അവളെ ആലിംഗനം ചെയ്തിപോയി... അതിൽ ഒരു സാന്ത്വനത്തിന്റെയും സംതൃപ്തിയുടെയും കുളിര്‌ ഉണ്ടായിരുന്നൂ..(?) ഏതോ ചില്ലയിൽ തങ്ങിനിന്നിരുന്ന അപ്പൂപ്പൻ താടിക്ക്‌ മോക്ഷം നൽകിയതു പോലെ അവളുടെ മനസ്സും അപ്പോൾ  സ്വതന്ത്രയായിരുന്നൂ.....

സ്നേഹത്തണൽ..



      വൃശ്ചിക കാറ്റിനെപ്പോഴും ഒരു കുളിർമ്മയുണ്ടാവും ആ കാറ്റ്‌ വന്ന് സാന്ത്വനിപ്പിക്കുന്നത്‌ പോലെ തോന്നിയിട്ടുണ്ട്‌ പലപ്പോഴും.  മാത്രമല്ല പുലർച്ചയും ,സന്ധ്യക്കും മഞ്ഞിന്റെ തണുപ്പിനൊപ്പം അയപ്പന്മാരുടെ  ശരണം വിളിയും  ഈ അപൂർവ്വതകളാണ്‌ വീണ്ടും വീണ്ടും ഒരു നാട്ടിൻപുറം കാരിയായി ജീവിക്കാനെന്നെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നത്‌...

       ചിനക്കത്തൂർ താഴെക്കാവിലും ,മേലേക്കാവിലും തൊഴുത്‌ ഗണപതി കോവിലിന്റെ നടയിൽ ചെയ്ത തെറ്റിനു ഏത്തമിട്ട്‌  ആലിനെ പ്രദിക്ഷണം ചെയ്തു  പുറത്തേക്കിറങ്ങി ... നേരെ പോയത്‌ വർഷങ്ങളായി ഞാനുമെന്റെ സതീർത്ഥ്യരും  ആകാശത്തിനു കീഴെ അറിയുന്നതും അറിയാത്തതുമായ കാര്യങ്ങളെക്കുറിച്ച്‌ സംവദിച്ചതും വഴക്കിട്ടതുമായ അതേ ആൽത്തറയിലേക്ക്‌...   അഞ്ചുവർഷം പ്ലസ്‌ വൺ മുതൽ ഡിഗ്രി അവസാനം വരെ ഞങ്ങളുടെ ഒരു കേന്ദ്രം ...സൗഹൃദത്തിന്റെ മൂല്യവും ആഴവും ,അർത്ഥവും അനർത്ഥവും അങ്ങനെ ഒരുപാട്‌ സത്യങ്ങൾ മനസ്സിലാക്കിത്തന്ന ഇവിടവും ഞങ്ങൾക്കൊരു വിദ്യാലയവും കലാലയവും ആയിരുന്നൂ....

  പേഴ്സിൽ നിന്ന് കാശെടുത്ത്‌ കൂട്ട്‌ വന്ന അനുകുട്ടിയുടെ നേർക്ക്‌ നീട്ടി

"   അനുക്കുട്ടി നീ ആ കാണുന്ന കടയിൽ പോയി മസാല കടല വാങ്ങിച്ചിട്ട്‌ വാ.... നമുക്ക്‌ അത്‌ കഴിച്ചോണ്ട്‌ നടക്കാം അപ്പോ ക്ഷീണമറിയില്ല്യാ.... "

  "ആവൂ ന്റെ ചേച്ചി , ഈ കടയിൽ പോയി വാങ്ങിച്ചപോരേ ...."

  "അതു  വെണ്ട... ആ കടയിലെ ഫ്രഷ്‌ ആയിരിക്കും അതുകൊണ്ടാ പ്ലീസ്‌"

  "ഉം  ശരി..."
      അനുകുട്ടി പോയപ്പോൾ
   ആൽത്തറയുടെ പുറകുവശത്തേക്ക്‌ ഞാൻ  പോയി അവിടെ ഇപ്പോഴും ഇളകികിടക്കുന്ന ആ കരിങ്കല്ലുകൾ ഉണ്ടോയെന്നറിയാൻ  അവിടെയായിരുന്നൂ അജുവിന്റെ പ്രണയലേഖനങ്ങൾ  മെർലിനെ കാത്തിരുന്നത്‌ ... അതിന്റെ തൊട്ടടുത്ത വിടവ്‌ ഞങ്ങളുടെ തായക്കുരുവും ചോക്കും കാർഡ്ബോർഡിന്റെ കഷ്ണവും സൂക്ഷിക്കുന്നതായിരുന്നൂ... കിഴക്ക്‌ ഭാഗത്ത്‌ ഗ്രൗണ്ടിൽ  ഇന്ന് കാണുന്ന ഗോൾ പോസ്റ്റുകൾ ഉണ്ടായിരുന്നില്ല... പകരം ക്രിക്കറ്റിനായി ഉപയോഗിക്കുന്ന ശീമക്കൊന്നയുടെ  സ്റ്റാമ്പുകളായിരുന്നൂ... ഞങ്ങളുടെ (എൻ എസ്സി എസ്സിന്റെ ) എതിരാളികളായിരുന്നത് ‌ തൊട്ടടുത്തുള്ള  കോളേജിലെ കൂട്ടുകാരായിരുന്നൂ....

     ആദ്യമായി കോർക്കുകൊണ്ട്‌ കളിക്കുന്ന ദിവസം ...പതിവുപോലെ കാണികളായി ഞങ്ങൾ ഗ്രൗണ്ടിന്റെ ഓരം ചേർന്നിരിക്കുകയാരുന്നൂ... അവിടെ ഇരിക്കണ്ട സാദാ പന്തുപോലെ അല്ല കോർക്കെന്നും പറഞ്ഞ  രാജിവിന്റെ വാക്കുകളെ ഞാൻ പുല്ലുപോലെ അവഗണിക്കുകയും  അജുവന്നെ എഴുന്നേറ്റ്‌ പോടിയെന്ന് പറഞ്ഞപ്പോൾ നീ മെർലിനെ പോയി വിളിക്കടാന്നു പറഞ്ഞതല്ലാതെ തെല്ലിട അനങ്ങിയില്ല.. മാത്രമല്ല മെർലിനെയോ സ്വപ്നയെയോ ദീപയെയോ അനങ്ങാൻ സമ്മതിച്ചിരുന്നുമില്ല...  ആദ്യത്തെ ബോളിൽ തന്നെ‌ കൃത്യമായി അടിച്ചെന്റെ നെറ്റിയിൽ വെറൊരു കോർക്കുണ്ടാക്കിയതും അജു തന്നെ ....

   ആദ്യമേ നിന്നോട്‌ പറഞ്ഞതല്ലേന്ന് ..പറഞ്ഞ്‌  അവന്റെ ചിരി എന്റെ മുഖത്തെ വേദനയുടെ ചുളിവുകൾ തീർക്കുന്നത്‌ കണ്ടപ്പോൾ മാഞ്ഞുപോയിയെന്നു മാത്രമല്ല ഓടിപ്പോയി അടുത്ത വീട്ടിലെ ചേച്ചിടെന്നു ഐസ്ക്യ്കൂബ്സ്‌  എന്റെ നെറ്റിയിൽ വെച്ചു തരുമ്പോഴെല്ലാം അവന്റെ കണ്ണിൽ നിന്നും നീർക്കണങ്ങൾ  ഉരുണ്ട്കൂടി പുറത്തേക്ക്‌ വന്നിരുന്നൂ.. അന്ന് ഞങ്ങളറിയുകയായിരുന്നൂ ബന്ധങ്ങളുടെ ദൃഡത... പിന്നീട്‌ പലപ്പോഴും നീ അന്ന് മനപ്പൂർവ്വം എന്റെ മുഖത്തേക്കടിച്ചതല്ലേ ചോദിക്കുമ്പോൾ അവൻ കുസൃതിയോടെ ചിരിക്കും അപ്പോഴെല്ലാം അവന്റെ കണ്ണുകളിൽ ഒരു കുറ്റബോധത്തിന്റെ മങ്ങലുമുണ്ടായിരുന്നൂ.....

 ഞാനിരിക്കുന്ന ആൽത്തറയെ ലക്ഷ്യമാക്കി നാലുപേർ വന്നൂ  , അഞ്ചു വർഷങ്ങൾക്ക്‌ ശേഷം രണ്ട്‌ വർഷത്തിന്റെ ഇടവേള മാത്രമാണ്‌ ഉണ്ടായിട്ടുള്ളൂ പക്ഷെ അപ്പോഴേക്കും ഈ സ്ഥലവും വേറെയാർക്കൊക്കെയോ സ്വന്തമായിരിക്കൂന്നൂ... എന്തോ അപ്പോലെന്നിൽ രൂപമെടുത്ത അഹംഭാവം എന്നെ അവിടെത്തന്നെ നിശ്ചലയാക്കി...  ഒരനക്കവുമില്ലാതെ  അവിടെത്തന്നെയിരുന്നതിനാലാവാം
ആ ദിനമെനിക്കായ്‌ നൽകി അവരെ തിരികെ നടക്കാൻ പ്രേരിപ്പിച്ചത്‌...

    "   കടലയുമായി തിരിച്ചെത്തിയ അനു ചോദിച്ചൂ കുറച്ച്‌ നീരം ഞാനും ഇവിടെ ഇരിക്കട്ടെ ...."

  "വേണ്ട പ്പോ തന്നെ സമയം വൈകി ഞാൻ ധൃതിയിൽ  കാലുകൾ മുന്നോട്ട്‌ വെച്ചൂ...."

"  അമ്മുവേച്ചിക്ക്‌  ഭയങ്കര അസൂയയും  സ്വാർത്ഥതയും ഉണ്ട്‌ ട്ടോ..... "

" നിക്കോ..... ?"

 ഉം..... ചേച്ചിയും കൂട്ടുകാരും കൂടി ആ ആൽത്തറയിൽ ഇരിക്കുന്നത്‌ ഞങ്ങൾ സ്കൂൾ കഴിഞ്ഞ്‌ വരുമ്പോൾ കാണാറുള്ളതാ.. മാത്രമല്ല ഞങ്ങൾക്കൊക്കെ അസൂയയായിർന്നൂ  ... ഞാനും കരുതീട്ടുണ്ടായിരുന്നൂ പത്താംക്ലാസ്‌ കഴിഞ്ഞ്‌ കൂട്ടുകാരടെ കൂ ടെ വന്നിരിക്കണമെന്ന്... പക്ഷെ എനിക്ക്‌ കിട്ടിയില്ല.... "

  ശരിയാണു കുട്ടി..... നീ എത്ര നന്നായി മനസ്സിലാക്കിയിരിക്കുന്നൂ.... ആ ആൽത്തറയിൽ ഒറ്റക്കിരിക്കാനെനിക്കിഷ്ടമല്ല  ആ ഒറ്റപ്പെടുത്തൽ നികത്താൻ പുതിയൊരാളെ കൂടെ കൂട്ടാനൊട്ടും ഇഷ്ടമല്ല... ശരിയായിരിക്കാം അല്ല ശരിയാണ്‌ അതിലെനിക്ക്‌ സ്വാർത്ഥതയുണ്ട്‌ ...   ഈ സൗഹൃദകൂട്ടിൽ എനിക്ക്‌ അഭിമാനവും അതിലുമേറെ  സംതൃപ്തിയുമുണ്ട്‌... അതുകൊണ്ട്‌  തന്നെ നിശബ്ദമായി മന്ത്രിച്ചുകൊണ്ടേയിരിക്കുന്നൂ എന്റെ ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണ്‌......!!!!! ‌

Wednesday, October 26, 2016

പ്രബുദ്ധത


ഓരോ യാത്രയിലും എന്തെങ്കിലും നമ്മുക്ക്‌ പുതിയ അറിവ്‌ അല്ലെങ്കിൽ എന്തെങ്കിലും പുതിയ കാഴ്ച്ച  കിട്ടും... പക്ഷെ  ഞാനുൾപ്പടെ എത്രപേർ ഇന്ന് അത്‌ കാണാനും അറിയാനും ശ്രമിക്കുന്നുണ്ട്‌ ........ അതൊരു ചോദ്യചിഹ്നമായി നിൽക്കട്ടെ... കാരണം ഇതിനുത്തരം ഓരോരുത്തരും സ്വയം വിലയിരുത്തേണ്ടതായതുകൊണ്ട്‌...


      എല്ലാ പ്രവർത്തി ദിനങ്ങളിലെന്നപോലെ ഞാനും രാവിലെ ഇറങ്ങി.... ബസിൽ കയറി  ... ഒട്ടും പുതുമയില്ലാത്ത യാത്ര ,മാത്രമല്ല കോയമ്പത്തൂർ ബസിൽ  പാട്ട്‌ എപ്പോഴും ഉണ്ടായിരിക്കും... അത്‌ പക്ഷെ  മിക്കവാറും അടിച്ചുപൊളിപാട്ടായിരിക്കും  .... ഇന്നും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു.. അതുകൊണ്ട്‌ തന്നെ ഞാൻ ബാഗിൽ  ഐപോഡ്‌  എടുത്ത്‌  ഇയർഫോൺ കണക്റ്റ്‌ ചെയ്തൂ   കണ്ണുകളടച്ചൂ....  ചുറ്റുമ്മുള്ളതൊന്നും എനിക്ക്‌ അറിയേണ്ട അല്ലെങ്കിൽ അറിയാനില്ല്യാന്ന് എന്നിൽ നിറഞ്ഞു നിന്നിരുന്ന എന്റെ അജ്നത   തോന്നിപ്പിച്ചു  അതായിരുന്നു സത്യം ...


   കുറച്ച്‌ സമയങ്ങൾക്ക്‌ ശേഷം  എന്റെ  കൈകളിൽ ആരോ പതുക്കെ തട്ടി... കണ്ണുതുറന്ന് നോക്കിയപ്പോൾ വളരെ പ്രായം ചെന്ന ഒരു അപ്പൂപ്പൻ താടിയും മുടിയുമെല്ലാം അപ്പൂപ്പൻ താടിയെ ഓർമ്മിപ്പിച്ചു....


" ഞാൻ ഇവിടെ ഇരുന്നോട്ടെ മോളെ.."


 "ഓ ... ഇരുന്നോളൂ.... "


 "മോൾ എവിടേക്കാ... ജോലിക്കാണോ...?? "


  "അല്ല ... പഠിക്കുകയാ.... "


   രാവിലെ  എഴുന്നേറ്റ്‌ കുളിച്ച്‌  പഠിക്കാൻ പോകുന്ന കുട്ടി വീണ്ടും ബസ്സിൽ ഇരുന്ന് ഉറങ്ങുന്നത്‌ നല്ലതാണോ....  ദേഷ്യം തോന്നരുത്‌.. ഈ വയസ്സനോട്‌ .... ഇന്നത്തെ കാലത്ത്‌ ഉപദേശിക്കുന്നത്‌ ആർക്കും അത്ര പിടിച്ചൂന്ന് വരില്ല.... "


 " ഞാൻ ഉറങ്ങായിരുന്നില്ല.... വെറുതെ പാട്ട്‌ കേൾക്കായിരുന്നു..... " ഐപാഡ്‌  ബാഗിൽ തന്നെ നിക്ഷേപിച്ചൂ....


  ഒരു അഞ്ചു മിനിറ്റ്‌ കഴിഞ്ഞില്ല വീണ്ടും ഓരോ കാര്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു.... ഞാൻ ഒരു കേൾവിക്കാരിയായെന്ന് മനസ്സിലാക്കിയപ്പോൾ അപ്പൂപ്പൻ ഒരു കഥ പറയുന്നതുപോലെ അപ്പൂപ്പന്റെ കാര്യങ്ങൾ പറയാൻ തുടങ്ങി....


        അപ്പൂപ്പൻ മകളുടെ അടുത്തേക്ക്‌ പോവുകയാണെന്നും മൂന്ന് മക്കളുണ്ട്‌ മൂന്ന് പേരും നല്ല നിലയിൽ ജീവിക്കുന്നുവെന്നും... ആൾടെ ഭാര്യ മരിച്ചു...


"അവൾ മരിച്ചതിനുശേഷം ഞാൻ വീട്ടിൽ ഇരിക്കാറില്ല....ഒരു പുരുഷൻ എത്ര വലിയ സാഹസങ്ങൾ കാണിക്കുമെങ്കിലും  ഭാര്യ നഷ്ടപ്പെട്ടാൽ  എല്ലാം പോയി  പ്രത്യേകിച്ച്‌ വാർദ്ധക്യക്കാലത്ത്‌...  ഇപ്പോ തീർത്ഥടനവുമായി കഴിയുന്നൂ അവളുടെ അടുത്തേക്ക്‌ പോകുന്നതുവരെ ഒറ്റക്ക്‌ കുറച്ച്‌ യാത്രാ..."


      ഈ വാർദ്ധ്യക്യത്തിലും അയാള്‌ ഭാര്യെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്ക്‌ മനസ്സിലാക്കിതരുകയായിരുന്നു...


    ഇതിനിടയിൽ ബസ്സിൽ ഒരു സ്ത്രീയും കണ്ടക്ടറും തമ്മിൽ ചില്ലറയുടെ കാര്യം പറഞ്ഞ്‌ തർക്കിച്ചൂ  അവർ  ഉപയോഗിക്കുന്ന ഭാഷ അത്ര നല്ലതലായിരുന്നു....


 " ആ സ്ത്രീ  വളർന്ന് വന്ന സാഹചര്യം  ശരിയല്ല... അല്ലാതെ അവരെ മാത്രം പഴി പറയാൻ കഴിയില്ല.... "


   "എനിക്ക്‌ മനസ്സിലായില്ല ...... അപ്പൂപ്പാ "


        അതായത്‌  പണ്ട്‌ ഒരു രാജാവ്‌ മൃഗയ വിനോദനത്തുനായ്‌ കാട്ടിൽ പോയി...  ഒപ്പം അനുചരന്മാരും... വേട്ടയിൽ മുഴുകിയ രാജാവിന്‌ വഴിതെറ്റി ഒരു ആശ്രമത്തിൽ എത്തിചേർന്നൂ ... തുടർന്ന് രാജാവ്‌ സന്യാസിയോട്‌ തന്റെ കൂടെ വന്നവരെ ആരെങ്കിലും കണ്ടോ എന്ന് ആരാഞ്ഞൂ...

   ഉവ്വ്‌  .... ആദ്യം അങ്ങയുടെ സേവകനും ,പിന്നെ സേനാനായകനും  മന്ത്രിയും  ഇതിലേ പോയിരുന്നൂ...
 ആ സന്യാസിയുടെ ചേഷ്ടകളിൽ നിന്നും  രാജാവിന്‌ അയാൾ അന്ധനാണെന്ന് തിരിച്ചറിഞ്ഞൂ....
" അല്ലയോ താപസ ശ്രേഷ്ട അന്ധനായ താങ്കൾ എങ്ങനെ ഇത്ര കൃത്യമായി  അവരെയ്യെല്ലാം മനസ്സിലാക്കി... "
അതിന്റെ ഉത്തരം  എന്താവും   മോൾക്ക്‌ അറിയാമോ....

അപ്പൂപ്പൻ ചോദ്യം എനിക്ക്‌ നേരെ..


   "അറയില്ല്യാ...."


  " ഒരു വ്യക്തിയുടെ വാക്കുകളിൽ കൂടി അവരുടെ സ്വഭാവവും സംസ്ക്കാരവും നമുക്ക്‌ മനസ്സിലാക്കാൻ കഴിയും ... ഒരു വ്യക്തിയുടെ സംസ്ക്കാരത്തെ അളക്കുന്ന അളവുക്കോൽ സംഭാഷണവും അതോടൊപ്പം അയാളുടെ പെരുമാറ്റവും  തന്നെയായൊരിക്കും....  ഇതായിരുന്നു സന്യാസി രാജാവിന്‌ നൽകിയ ഉത്തരം...


       നമ്മൾ മലയാളികളുടെ ഭാഷാ സ്നേഹം ഏറ്റവും കൂടുതൽ കാണുന്നതും അയൽ സംസ്ഥനക്കാരെ അറിയിക്കുന്നതും  എവ്വിടെയെന്നറിയോ... ട്രയിനിന്റെ ടോയ്‌ലെറ്റിൽ .... വേറെ എത്രയോ സംസഥാനങ്ങളിൽ കൂടി പോകുന്നുണ്ട്‌  പക്ഷെ  വേറെ ഒരു ഭാഷയിലും ഇത്രയും അസഹനീയമായതും വൃത്തിക്കെട്ടതുമായ രീതിയിൽ അശ്ലീലം  എഴിതി  ഭാഷസ്നേഹം കാണിക്കുന്ന  ആരെയും കാണാൻ കഴിയുകയില്ലാ.....


     ഇന്ന്  പലരും ഉപയോഗിക്കുന്ന ഭാഷ അൽപം അശ്ലീലം കലർത്തി സംസാരിക്കുന്നത്‌ ഒരു പുതിയ രീതിയായിട്ടുണ്ട്‌... ഓരോ ഭാഷക്കും മഹത്വമുണ്ട്‌... വാക്കുകൾക്കും....


    " അവിചാര്യ ന കർത്തവ്യം

        കർത്തവ്യം സുവിചാരിതം "
(ആലോചിക്കാതെയും ചിന്തിക്കാതെയും ഒരു കാര്യവും  പറയരുത്‌...)

ആ യാത്ര അവസ്സാനിക്കുമ്പോൾ ഒരു പുഞ്ചിരിയും  കൈയ്യിലെ ബാഗിൽ നിന്ന് ഒരു പാക്കറ്റ്‌ എടുത്ത്‌ എനിക്ക്‌ സമ്മാനായി നൽകി  "ഒരു രുദ്രാക്ഷം" ഒപ്പം സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെന്നും പറഞ്ഞ്‌  അയാൾ നടന്നൂ.. ഒരു സ്വപ്നം കണ്ടതുപോലെ ഞാൻ എനിക്ക്‌ കിട്ടിയ സമ്മാനവുമായ്‌ ക്ലാസ്സിലേക്കും......

Tuesday, October 25, 2016

നിറനിനവുകള്‌...


നീണ്ട ബസ്‌ യാത്രക്കിടയിലും പലയാവർത്തി അവളുടെ മനസ്സിലേക്ക്‌  അവരുടെ രൂപം ഓടീയെത്തി... അതുകൊണ്ട്‌ തന്നെ വണ്ടിയിലിരിക്കുമ്പോഴേ മനസ്സിൽ ഉറപ്പിച്ചു ഇപ്രാവശ്യമെങ്കിലും കൊടുത്ത വാക്ക്‌ പാലിക്കണമെന്ന്...  അതിനെ അനുകൂലിക്കാനെന്നോണം ഒരു ചാറ്റൽ മഴ മുഖത്തെ തലോടി...


         ചുവന്നനിറമാർന്ന  മൺപാതയിലൂടെ നടക്കുമ്പോൾ അവള്‌ ആ പഴയകാലത്ത്‌ തന്നെയാണെന്ന് വ്യഥാ വിശ്വസിച്ചു... പക്ഷെ അത്‌ അല്ലെന്ന് ഓർമ്മിക്കാനെന്നോണം ആ ചെമ്മൺപാതയിൽ ചക്രത്താൽ നിർമ്മിക്കപ്പെട്ട  ചെറുചാലുകൾ പറയാതെ പറഞ്ഞു .. പച്ചമണ്ണിന്റെ ഗന്ധവും തെങ്ങിന്ത്തോപ്പും അങ്ങനെ കാഴ്ചകൾ ആസ്വദിച്ച്‌ നടക്കുമ്പോൾ  അവളേ  കാലുകളെ പിടിച്ചു നിർത്തി ആ നാദം .... അവളുടെ കണ്ണുകൾ പരതിക്കൊണ്ടേയിരുന്നു ആ ശബ്ധത്തിന്റെ ഉറവിടത്തിനായ്‌  പക്ഷെ നിരാശ...  ഒരനക്കവും ഇല്ല.... ചുറ്റും കണ്ണോടിച്ച്‌ ഒരു   ഉറപ്പ്‌ വരുത്തിയ അവള്‌ " കൂയ്‌.... "   ഒട്ടും താമസിച്ചില്ല മറുപടി കിട്ടി" കൂഹു.."  മനസ്സ്‌ നിറഞ്ഞ്‌.... ഒപ്പം എന്തേ ഇതെല്ലാം മറന്നെന്ന ചോദ്യവും.... അവളുടെ യാത്രാവസാനിച്ചത്‌ മുള്ളുകളാൽ തീർത്ത ഇല്ലിപ്പടിയുടെ മുന്നിലാണ്‌..


           പതുക്കെ, മുള്ള്‌ കൈതട്ടാതെ  ഉള്ളിലേക്ക്‌ കയറിയതും അവള്‌ കണ്ടു  ...  തേടി വന്ന ആളെ ... മടൽ കൊത്തിയിടുന്ന ആളെ നോക്കി അവൾ വിളിച്ചു...


" അമ്മിണ്ണ്യമ്മേ..... "


പ്രതീക്ഷിക്കാതെയുള്ള വിളിയാണോ അതോ ആളെയാണോ അവരെ ഒരു നിമിഷത്തേക്ക്‌ സ്തബ്ധയാക്കിയതെന്നറിയില്ല ...


"അല്ല ആരാത്‌.... ക്ക്‌ വിശ്വസിക്കാൻ പറ്റണില്യേ....."


 ഓടിവന്ന്നവരെന്നെ ആലിംഗനം ചെയ്യുമ്പോൾ അവരുടെ വിയർപ്പിൽപോലും സ്നേഹത്തിന്റെ ഗന്ധം മാത്രം...


       ചാണകമെഴുകിയ  അരികത്തിണ്ണയിലേക്ക്‌ കയറിയിരുന്ന എന്നെത്തന്നെ നോക്കി നിൽക്കുന്ന അമ്മിണ്ണ്യേമ്മടെ  കണ്ണുകളിലൂടെ ഭൂതകാലത്തെ ഓർമ്മകളിലേക്ക്‌ മുങ്ങാംകുഴിയിട്ട്‌ മുത്തും പവിഴവും തിരഞ്ഞൂ...


      സംശയം  ഒഴിയാത്ത ആവനാഴിപോലുള്ള അവളുടെ മനസ്സിനെ അവര്‌  എന്തു ഉപയോഗിച്ചായിരുന്നു കീഴ്പ്പ്പെടുത്തിയത്‌  അഞ്ജാതമാണെനിക്കിന്നും ഉത്തരം... ഒന്നുമാത്രമറിയാം  അവളിന്നും അവരുടെ മുന്നിൽ  ഇരുവശവും മുടിമെടഞ്ഞിട്ട്‌ നെറ്റിയിൽ ചന്ദനക്കുറിയും മുട്ടോളം ഇറക്കമുള്ള പാവാടക്കാരിയായ അമ്മൂട്ടിയാണെന്ന്.. തൊലിപ്പുറമേയുള്ള ചുളിവുകളും വെള്ളികെട്ടിയ തലനാരിഴകളും  കാലം അവർക്ക്‌ മാറ്റങ്ങൾ നൽകിയെങ്കിലും ... അവളുടെ  തീരാസംശയങ്ങൾക്ക്‌ ഉത്തരം നൽകുമ്പോൾ തിളക്കമുള്ള കണ്ണുകൾക്ക്‌ ഒരു മാറ്റവും സംഭവിച്ചിട്ടില്ല... ഒരുപക്ഷേ, കാലവും പരാജയം സമ്മതിച്ചിരിക്കുകയാവാം  അതോ ആ തിളക്കം കാലത്തിന്‌ ഏറെ ഇഷ്ടമായിരിക്കുമോ...


   " ചായ ഉണ്ടാക്കിത്തരട്ടെ ..... ന്റെ ചാളെല്‌  വന്നിട്ട്‌ ഒന്നും തിന്നാതേ കുടിക്കതേം പോയ  നിക്ക്‌ ദെണ്ണാവും...."


അവരുടെ വാക്കുകളാണ്‌  ഭൂതക്ക്കാല സ്മരണയിൽ നിന്ന് വർത്തമാനക്കാലത്തേക്കെത്തിച്ചത്‌....


 "ഉം...കട്ടൻ ചായ മതി..."


   അകത്തേക്ക്‌ പോയ അവർ നിമിഷങ്ങൾ കൊണ്ട്‌ ആവി പറക്കുന്ന നല്ല കടും ചായയുമായ്‌ വന്നു... കൈയ്യിൽ ബിസ്ക്കറ്റിന്റെ നുറുങ്ങുപൊട്ടുകളും  അത് അവൾക്ക്‌ നേരെ നീട്ടി...


          മുറ്റത്തേ പൂക്കളത്തേക്ക്‌ നോക്കി അവല്‌ ചോദിച്ചു


 "ആരാ ഇത്‌ ഇട്ടത്‌... "??


" ഞാനന്നേ കുട്ട്യേ... , അല്ലാണ്ടാര മക്കളെയൊക്കെ  തന്നിട്ടുണ്ട്‌ ദൈവം. പക്ഷെ അവരെല്ലാം  തിരക്കിലാത്രേ...


ഇന്ന് വലിയ വില കൊടുത്തു  മത്സരബുദ്ധിയോടെ പൂക്കളം തീര്‍ക്കുന്ന സംസ്കാരതിനോട്   ഉറക്കെ വിളിച്ചുപറയണം.... അന്നത്തെ ചേമ്പിലയില്‍ ശേഖരിക്കുന്ന ചെമ്പരത്തിയുടെയും  , തുംബപ്പൂവിന്റെയും, മുക്കുറ്റിയുടെയുമെല്ലാം മൂല്യം....


ഒരു ദീര്‍ഘനിശ്വാസം ചിന്തകള്‍ക്ക് കൂട്ടായിവന്നു...


  "അമ്മുണ്ണ്യേമ്മക്ക്‌ ഓർമ്മണ്ടോ, തറവാട്ടിൽ പൂക്കളങ്ങൾക്ക്‌ വേണ്ടി ചാണകം മെഴുകുമ്പോൾ അറച്ചുനിന്ന  കുട്ടിയമ്മുവിനോട്‌ പറഞ്ഞത്‌.."?


" ന്റെ അമ്മൂട്ട്യേ ചാണകം ന്നു വെച്ചാ ന്താച്ചിട്ടാ  ദൈവാണ്  ... കുട്ടിക്ക്‌ അറിയ്യോ, മ്മള്‌ തോടണ ഭസ്മം ണ്ടല്ലോ    അത്‌ ചാണംകൊണ്ടാ ഇന്ടാക്കണേ ... അപ്പോ പിന്നെ ഇത്‌ അറയ്ക്കാൻ പാടുണ്ടോ ...നല്ലകുട്ട്യോളോന്നും അങ്ങനെ അറപ്പ്‌ കാണിക്കാൻ പാടില്യാ ട്ട്വോ.... "


  ഒരു മിമിക്രി ആർട്ടിസ്റ്റിൻ പോലെ  അവളത്‌ അനുകരിച്ചപ്പോള്‌  അവർ പൊട്ടിച്ചിരിച്ചു


  "  ഞാന്‌ നിരീച്ചത്‌ അമ്മൂട്ടി വളർന്നപ്പോ വല്യ അമ്പ്രാട്ടികുട്ടിയായിന്നാ ... പഴേതൊക്കെ ഓർക്കണണ്ടെന്ന് അറിഞ്ഞപ്പോ സന്തോഷായ്‌ ... "


കണ്ണിൽ ഒരു ജലകണം ... പിന്നെ നിറഞ്ഞ്‌ ധാരധാരയായ്‌ ഒഴുകി തടയാൻ ശ്രമിച്ച  ഇരുകൈകളും ഉടുത്തിരുന്ന കള്ളിമുണ്ടിന്റെ കോന്തലയും തികച്ചും പരാജയപ്പെടുകയായിരുന്നു..


 വളരെ അടഞ്ഞ സ്വരത്തിൽ അമ്മുണ്യേമ്മ പുലമ്പിക്കൊണ്ടേയിരുന്നു


"സന്തോശായ്‌..... സന്തോശായ്‌ ..."


    ആ  നിമിഷം അവളുടെ കണ്ണുകളിലും ഈറൻ പടരുന്നുണ്ടായിരുന്നു  ... ഇള വെയിൽ പുഞ്ചിരിതൂകിന്നുണ്ടായിരുന്നിട്ടും  മഴ പെയ്യുമോ എന്ന അപ്രസക്തമായ ചോദ്യമുന്നയിച്ച്‌ മുകളിലേക്ക്‌ നോക്കിയത്‌  കണ്ണീര്‌ കവളിലൂടെ ചാല്‌ വെട്ടാതിരിക്കാൻ വേണ്ടി മാത്രം..


     യാത്ര പറഞ്ഞ്‌ ഇറങ്ങുന്ന അവളുടെ കൈയ്യിലേക്ക്‌ അവർക്ക്‌ കിട്ടിയ കൂൺ"  ഇത്‌ അമ്മൂട്ടിക്ക്‌ ന്റെ  സമ്മാനാ..." ന്നു പറഞ്ഞ്‌ ഏൽപ്പിച്ചു. അന്ന് കറിവെക്കാൻ ആരെങ്കിലും കൊടുത്തതായിരിക്കാം അല്ലെങ്കിൽ അപൂർവ്വമായ്‌ മാത്രം കിട്ടിയതാവാം  എന്നിട്ടും അതിൽ നിന്ന് ഒരെണ്ണം പോലും മാറ്റിവെയ്ക്കാതെ ........ ആ നിഷ്കളങ്ക സ്നേഹം അത്‌ ആവോളം അനുഭവിക്കാൻ കഴിഞ്ഞതായിരുന്നു അവളുടെ ഭാഗ്യം....


       പാതി വഴി വരെ അവൾക്ക്‌ കൂട്ട്‌ വന്ന് .....  അവള്‌ നടന്നകലുമ്പോൾ  അവരുടെ ശബ്ദത്തിന്റെ മാറ്റൊലി കൂട്ടായ്‌ കാതുകളിൽ മന്ത്രിച്ചുക്കൊണ്ടിരുന്നു


  "സൂക്ഷിച്ച്‌ പോണേ, കാലം വല്ലാത്തതാ ...."


 ഈ കരുതൽ തനിക്ക്‌ മാത്രം സ്വന്തമെന്ന തിരിച്ചറിവിൽ അവള്‌ തിരിഞ്ഞൊന്ന് നോക്കി വെറുതേ...... !!! "

Monday, October 24, 2016

മഞ്ഞുരുകുന്നത്

വസാനമിറങ്ങിയത് ഞാനായത് കൊണ്ട് ഗേറ്റടക്കുന്പോള്‍  വൃശ്ചികമാസം ആവാറായെന്ന മൂന്നറിയിപ്പെന്നപോലെ എവിടെ നിന്നോ ശരണംവിളി കേട്ടു.   ആരോ മലക്ക്‌ മാലയിട്ട്‌  കുളിക്കാൻ പോവുന്നതായിരിക്കും.  കാറിലേക്ക്‌ കയറി ഡോറടച്ചു. അമ്പലത്തിലേക്കുള്ള യാത്രയായ്തുകൊണ്ടാവാം അചഛൻ കൃഷ്ണകീർത്തനം വെച്ചിരിക്കുന്നൂ.  ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്‌ അചഛന്റെ സ്വഭാവം പോലെതന്നെ  ഇഷ്ടങ്ങളും വളരെ ലളിതമായിരുക്കും . ഇപ്പോ കേൾക്കുന്ന പാട്ട് പോലും  അത്‌ തെളിയിക്കുന്നൂ . ചെറിയ മൂടൽമഞ്ഞുള്ളതിനാൽ പതിവിലും വേഗം കുറച്ച്‌ ഡ്രൈവ്‌ ചെയ്യുന്നുള്ളൂ.  മഞ്ഞ്‌ ഒരു പുകപോലെ മുന്നിലെ വഴിയെ മറച്ച്‌ പിടിച്ചിക്കുന്നുണ്ട്‌ മുന്നോട്ട്‌ പോവുന്നത്‌ മുന്നിലൊരു മാർഗ്ഗതടസ്സമുണ്ടാവുകയില്ലായെന്ന വിശ്വാസം ഒന്നുകൊണ്ട്‌ മാത്രം.  ചിലപ്പോഴെല്ലാം മനസ്സിലും ഇതുപോലെ ഇരുള്‍മഞ്ഞ്‌ രൂപം കൊള്ളും .  പലപ്പോഴും അതെല്ലാം അലിഞ്ഞില്ലാതാവുകയും ചെയ്യും.  ചിന്തകള്‍ ശരീരത്തെ ആവരണം ചെയ്യുകയാണ്. വെറുതെ പുറത്തേക്ക് നോക്കി.   ഡോറിന്റെ ഗ്ലാസിൽ ഒരു മഞ്ഞുകണമുരുകി ചാൽ രൂപാന്തരം പ്രാപിച്ചു താഴേക്കിറങ്ങുന്നു.   മുഖമതിലേക്ക്‌ ചേർത്തുവെച്ചൂ വെറുതെ കണ്ണുകളടച്ചു.  " മോളെ..... അമ്പലമെത്തി നീ ഉറങ്ങിയോ.... ?? " അചഛൻ ചുമലിൽ തട്ടി വിളിച്ചൂ...  "ഇല്ല്യാ... ഞാൻ വെറുതേ "  ചിലപ്പോഴെല്ലാം വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിൽക്കും മുഴുമിക്കാതെ...  പടവുകൾ കയറുമ്പോൾ  ഇറങ്ങിവരുന്ന യുവമിഥുനങ്ങളെ കണ്ടു. ആ പെൺകുട്ടി ഇന്ത്യക്കാരിയല്ല  വിദേശിയായിരുന്നു.  അവരുടെ പ്രണയം സഫലീകരിച്ചതിന്റെ സന്തോഷവും പുതിയ ജീവിതത്തിലേക്ക്‌ കാലെടുത്തുവെക്കുന്നതിന്റെ സ്വപനങ്ങളും  മിഴികളില്‍  നിറഞ്ഞ്‌നിൽക്കുന്നുണ്ടായിരുന്നൂ.  ആരുമല്ലാതിരുന്നിട്ടും അവർക്ക്‌ ആശംസകൾ മൗനമിഴികളിലൂടെ  ഹൃദയത്തിന്റെ ഭാഷയിൽ നേർന്നൂ. എന്തോ, അവളുടെ അനുവാദം ചോദിക്കാതെ നീർക്കണങ്ങൾ ഉരുണ്ടുകൂടി..  ലക്ഷമണസ്വാമിയുടെയും പിന്നീട്‌ ശ്രീരാമ സ്വാമിയുടെയും മുന്നിൽ കൈകൾ കൂപ്പി മിഴികളടച്ചൂ.  പുറത്ത്‌ ആഞ്ജനേയനേയനെ  തൊഴുതു. കുണ്ടിലയപ്പനോടും.   സർപ്പക്കാവിലെ മഞ്ഞൾപ്പൊടിയും ചന്ദനവും നെറ്റിയിൽ തൊട്ടു.  അരയാലിന്റെ ചുവട്ടിൽ പല്ലിയെ കാത്തു നിന്നൂ.  പിണങ്ങിയതുകൊണ്ടോ ഇഷ്ടമില്ലാത്തതുകൊണ്ടോ എന്റെ മുന്നിൽ പല്ലി അദൃശ്യമായിരുന്നെങ്കിലും അചഛനു പ്രത്യക്ഷമായിരുന്നു .  അചഛന്റെ അധരങ്ങളിൽ വിടർന്ന പുഞ്ചിരി കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ നിഷ്കളങ്കതയെക്കാളും മനോഹരമായിരുന്നൂ.    സരസ്വതി ആലിൽ പോയി ആൽത്തറയിൽ ചിതറികിടക്കുന്ന കല്ലുകൾ എത്ര ഉയരം വെക്കാൻ കഴിയുന്നോ അത്രയും വിദ്യ ലഭിക്കുമെന്ന ഐതീഹ്യം എന്നെയും ആകര്‍ഷിച്ചു.  കല്ലുകൾ ഒന്നിനുപുറകെ ഒന്നായി അടുക്കി വെച്ചു അവസാനമായപ്പോൾ കല്ലുകൾ ആടിത്തുടങ്ങിയിരുന്നൂ.   തിരിഞ്ഞിറങ്ങുമ്പോള്‍ ഒരിക്കൽകൂടി ശ്രീരാമനെ വണങ്ങി .. മനസ്സിൽ എരിയുന്ന വേദനക്ക്‌ എന്ത്‌ സമസ്യയെന്ന് ചോദിച്ചപ്പോൾ ഉത്തരമൊന്നും ശ്രീകോവിലിൽ നിന്ന് കിട്ടിയില്ല.  പക്ഷെ തൊട്ടടുത്ത്‌ നിന്നിരുന്ന മുത്തശി പിറുപിറുത്തൂ..  "രാമ,  രാമ,   ന്റെ വേദനകൾ ഞാൻ ഉള്ളിലെന്നെവെക്കാണ്‌ ഭഗവാനെ.  നിക്ക്  നീ മാത്രം തൊണ "     അതും പറഞ്ഞ്‌ പ്രദിക്ഷണ വഴിയിലൂടെ വടിയും കുത്തി കൂനിക്കൂനി നടന്നൂ.  ഞാന്‍ പിറുപിറുക്കാതെ പറഞ്ഞതും ഇത് തന്നെയല്ലെന്നു ഞാന്‍ ആശ്ചര്യപെട്ടു. തിരികെ വരുമ്പോൾ അചഛന്റെ ചോദ്യം  " അല്ല,  അമ്മാളൂ നീയെന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്‌....???"  "ഒന്നൂല്ല്യാ അചഛാ...."  "മോൾക്ക്‌ പരീക്ഷ ടഫ്‌ ആയിരുന്നല്ലേ...  സാരല്യാ നീ പാസാവും വിഷമിക്കണ്ട ട്ടോ... "  "ഉം.... വെറുതേ മൂളി കണ്ണുകളടച്ചൂ "  കാറില്‍ കയറിയപ്പോള്‍ മനസ്സ് നിറഞ്ഞത്‌ കൊണ്ടോ എന്തോ അച്ഛന്‍ടുന്‍ ചെയ്ത എഫ്‌ എമ്മിൽ നിന്നും ഒഴുകിയെത്തിയ വരികളില്‍ എന്റെ നെഞ്ചിന്റെ നേര്‍ പരിചേദം ഞാന്‍ കണ്ടു..   "തൂമഞ്ഞിൻ നെഞ്ചിലുറങ്ങി മുന്നാഴികനവ്‌.."