Saturday, October 29, 2016

മുക്കുറ്റിപൂവ്‌


         
        അലസമായി നടക്കുന്നതിനിടയിലായിരുന്നു ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞത്‌ കണ്ണിനും മനസ്സിനും കുളിർമ്മ തരുന്ന ആ കാഴ്ചയെ ഞാൻ ആവോളം ആസ്വദിച്ചു.  പരിചരിക്കാനോ അവ്വൾ പുഷ്പിണിയാവുന്നതോ നോക്കി കാത്തിരിക്കാനാരുമില്ലെങ്കിലും  വസന്തകാലത്തിന്റെ വരവറിയിക്കാനെന്നോണം ഇപ്രാവശ്യവും അവ്വൾ പതിവു തെറ്റിക്കാതെ എത്തിയിരിക്കുന്നു.
 
     വർഷങ്ങളുടെ സുഖദുഃഖ സമ്മിശ്ര പ്രവാഹത്തിൽ  കഴിഞ്ഞത്‌ പലതും മറന്ന കൂട്ടത്തിൽ ആദ്യമായി മുക്കുറ്റി പൂവിൽ ഒളിഞ്ഞിരുന്നിരുന്നാ വലിയ രഹസ്യം  എനിക്ക്‌ പറഞ്ഞു തന്ന അമ്മിണ്ണിയമ്മയും എന്റെ ഓർമ്മകളിലേക്ക്‌ ഇരച്ചു കയറി...
 
  " ദേ.., നോക്കൂ അമ്മിണ്ണ്യമ്മേ ന്റെ കൈയ്യിലെന്താ ന്നു.."

 "ന്താ അമ്മൂട്ട്യേ..  ആ പൊന്തയിലൊന്നും പോയി നിക്കണ്ട വല്യമ്രാൾ കണ്ടാലെന്നെ ചീത്ത പറയും, കുട്ടി വേഗം വരൂ...."

"ഇതു കണ്ടോ എന്തു ഭംഗിയാ നോക്കൂ.."

 ആ ഇതു മുക്കുറ്റിപൂവല്ലേ....?? അതും മൂന്നെണ്ണം ഒരു ഞെട്ടിൽ ..അമ്മൂട്ടിക്ക്‌ നല്ല ഭാഗ്യണ്ട്‌ അതോണ്ടല്ലേ ഇതു കിട്ടീത്‌.. ഒരു കാര്യം അറിയ്യോ കുട്ടിക്ക്‌ ...??

" ഇല്ല്യാല്ലോ... ന്താ കാര്യം ..."

 "ആരോടും പറയണ്ട ട്ട്വോ അമ്മൂട്ടിക്ക്‌ മാത്രം പറഞ്ഞു തരാം " ന്താച്ചാ ന്റെ അമ്മൂട്ട്യല്ലെ ...

അമ്മുണ്ണ്യമ്മടെം അമ്മൂട്ടിയായതിൽ ഞാൻ കുറേയധികം സന്തോഷിച്ചു .ഇന്നു വരെ ആർക്കും പറഞ്ഞുകൊടുക്കാത്ത ആ സ്വകാര്യത്തിനായി  ഞാൻ അവ്വരുടെ മുഖത്തേക്ക്‌ നോക്കി..

   "ഈ മൂന്ന് മുക്കുറ്റി കിട്ടാന്ന് വെച്ചാ കുട്ടീടെ ഒരു ആഗ്രഹം സാധിച്ചു അതാ അറീയ്യോ ...??

 " ഇല്ല്യാ ..... അതെങ്ങനെ..??" ന്റെ ആകാംക്ഷ ഉച്ഛസ്ഥായിയിലെത്തിയിരുന്നു..
 
 "അയ്യേ ഉസ്കുളിൽ പോണ കുട്ട്യാ ന്നിട്ടും ഒന്നും അറയില്ല്യാച്ചാ .. അമ്മൂട്ടി ഈ മുക്കുറ്റി പൂവ്‌ ല്ലാർക്കും കിട്ടില്ല്യാ .. അതാ പറഞ്ഞേ അമ്മൂട്ടിക്ക്‌ ഭാഗ്യം ഉണ്ടെന്ന്... നീം വിശ്വാസായില്ല്യാച്ചാ കുട്ടീ ഒരു കാര്യം മനസ്സിൽ വിചാരിക്കൂ ന്നിട്ട്‌ അത്‌ നടക്കുമോ ന്ന് നോക്കാല്ലോ..."

   എനിക്ക്‌ കിട്ടിയ മുക്കുറ്റി ഭാഗ്യം പരീക്ഷിച്ചത്‌  കണക്ക്‌ ടീച്ചറോടായിരുന്നു. ഒരിക്കൽ പോലും അവധി എടുക്കാത്ത ടീച്ചർ ഒരു ദിവസം വരാതിരുന്നെങ്കിൽ  ഞാൻ ഉൾപ്പെടെ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിന്നു..ന്റെ ഇൻസ്ട്രുമന്റ്‌ ബോക്സിൽ ഞാൻ ആ മുക്കുറ്റി ഒളിപ്പിച്ചു.

 അമ്മിണ്യമ്മേടെ സ്വകാര്യമായ ആ അറിവിനു അത്രേം ശക്തി ഉണ്ടെന്നു തിരിച്ചറിഞ്ഞത്‌  അന്ന് കണക്ക്‌ ടീച്ചർ വന്നില്യാന്ന് അറിഞ്ഞപ്പോൾ മാത്രം.

ഞാൻ ന്റെ പെൻസിൽ ബോക്സ്‌ പതുക്കെ തുറന്നു .. ചെറുതായി വാടാൻ തുടങ്ങിയിരുന്നു എങ്കിലും ആ ഇതളുകൾ എന്നെ നോക്കി ഒരു കുസൃതി ചിരി (?) .....

എത്രയും പെട്ടെന്ന്  വൈകുന്നേരം ആവ്വാൻ ഞാൻ കൊതിച്ചു ന്നിട്ട്‌ വേണം ഈ മുക്കുറ്റിപൂവിന്റെ ശക്തിയും ഭാഗ്യവും അമ്മിണ്ണ്യമ്മോട്‌ പരയ്യാൻ..

 "പ്പോ മനസ്സിലായില്ല്യേ  നിക്കും കുറേ കാര്യങ്ങളറിയാന്ന് .. പിന്നെ  ഇതൊന്നും വേറെ ആരോടും പറയണ്ടാ ട്ടോ .. നിക്ക്‌ കുട്ട്യോട്‌ അത്രേം ഇഷ്ടണ്ട്‌ അതാ പറഞ്ഞത്‌.."

അന്നെന്റെ കുഞ്ഞുമനസ്സിൽ അമ്മിണ്യമ്മ ഒരുപാട്‌ അദ്ഭുതങ്ങൾ അറിയാവുന്ന  വല്യ ഒരാളായി സ്ഥാനം പിടിച്ചു കഴിഞ്ഞു.

  പിന്നീട്‌  മുക്കുറ്റി പൂത്ത്‌ ചിരിക്കുമ്പോഴെല്ലാം ഞാൻ അവ്വർക്കിടയിൽ ഒരു ഞെട്ടിൽ വിരിഞ്ഞ മൂന്ന് പൂക്കളെ തേടാറുണ്ടായിരുന്നു ... പക്ഷെ ഭാഗ്യത്തെക്കാൾ നിർഭാഗ്യമായിരുന്നു കൂടെ ഉണ്ടായിരുന്നത്‌ ... ഞാൻ നിസ്സാഹയതയോടെ തിരിഞ്ഞു നടന്നിട്ടുണ്ട്‌ എപ്പോഴും , എങ്കിലും ഒരിക്കൽകൂടി എന്നെത്തേടി ആ മുക്കുറ്റി ഭാഗ്യം വരുമെന്ന പ്രതീക്ഷയിൽ...

    ഓർമ്മകളിൽ നിന്നുണർത്തുവാനെന്നോണം മാരുതൻ എന്റെ കവിളുകളിൽ തലാടി , സുഖസ്മരണയിലെ മോചനത്തിൽ നിന്നും ന്റെ മിഴികൾ നീണ്ടത്‌ അവശ്വസനീയമായ ആ കാഴ്ച്ചയിലേക്കായിരുന്നു. വീണ്ടും അമ്മിണ്യമ്മേടെ വാക്കുകൾ സത്യമാണെന്നു തെളിയിക്കാൻ(?) എന്നെ കാത്ത്‌ തലയുയർത്തി പിടിച്ചു മൂന്ന് മുക്കുറ്റി...

      നിശബ്ദ്ധമായ ന്റെ ഒരു ആഗ്രഹം സഫലമാവുമോ...??? ഞാൻ മുക്കുറ്റിയെ നോക്കി അതെന്നെ നോക്കി പുഞ്ചിരിക്കുന്നു മൃദുവായി വർഷങ്ങൾക്ക്‌ മുന്നേ ആ പെൻസിൽ ബോക്സിൽ കണ്ട അതെ കുസൃതിച്ചിരി ....!!!!

4 comments:

  1. എന്നിട്ടോ??സാധിപ്പിച്ചോ???

    ReplyDelete
  2. മനോഹരം..നല്ല എഴുത്ത്‌..മുക്കൂറ്റിപൂവിൽ നിന്ന് ഒരു കഥ..നന്നായി..ആശംസകൾ







    ReplyDelete