Tuesday, October 25, 2016

നിറനിനവുകള്‌...


നീണ്ട ബസ്‌ യാത്രക്കിടയിലും പലയാവർത്തി അവളുടെ മനസ്സിലേക്ക്‌  അവരുടെ രൂപം ഓടീയെത്തി... അതുകൊണ്ട്‌ തന്നെ വണ്ടിയിലിരിക്കുമ്പോഴേ മനസ്സിൽ ഉറപ്പിച്ചു ഇപ്രാവശ്യമെങ്കിലും കൊടുത്ത വാക്ക്‌ പാലിക്കണമെന്ന്...  അതിനെ അനുകൂലിക്കാനെന്നോണം ഒരു ചാറ്റൽ മഴ മുഖത്തെ തലോടി...


         ചുവന്നനിറമാർന്ന  മൺപാതയിലൂടെ നടക്കുമ്പോൾ അവള്‌ ആ പഴയകാലത്ത്‌ തന്നെയാണെന്ന് വ്യഥാ വിശ്വസിച്ചു... പക്ഷെ അത്‌ അല്ലെന്ന് ഓർമ്മിക്കാനെന്നോണം ആ ചെമ്മൺപാതയിൽ ചക്രത്താൽ നിർമ്മിക്കപ്പെട്ട  ചെറുചാലുകൾ പറയാതെ പറഞ്ഞു .. പച്ചമണ്ണിന്റെ ഗന്ധവും തെങ്ങിന്ത്തോപ്പും അങ്ങനെ കാഴ്ചകൾ ആസ്വദിച്ച്‌ നടക്കുമ്പോൾ  അവളേ  കാലുകളെ പിടിച്ചു നിർത്തി ആ നാദം .... അവളുടെ കണ്ണുകൾ പരതിക്കൊണ്ടേയിരുന്നു ആ ശബ്ധത്തിന്റെ ഉറവിടത്തിനായ്‌  പക്ഷെ നിരാശ...  ഒരനക്കവും ഇല്ല.... ചുറ്റും കണ്ണോടിച്ച്‌ ഒരു   ഉറപ്പ്‌ വരുത്തിയ അവള്‌ " കൂയ്‌.... "   ഒട്ടും താമസിച്ചില്ല മറുപടി കിട്ടി" കൂഹു.."  മനസ്സ്‌ നിറഞ്ഞ്‌.... ഒപ്പം എന്തേ ഇതെല്ലാം മറന്നെന്ന ചോദ്യവും.... അവളുടെ യാത്രാവസാനിച്ചത്‌ മുള്ളുകളാൽ തീർത്ത ഇല്ലിപ്പടിയുടെ മുന്നിലാണ്‌..


           പതുക്കെ, മുള്ള്‌ കൈതട്ടാതെ  ഉള്ളിലേക്ക്‌ കയറിയതും അവള്‌ കണ്ടു  ...  തേടി വന്ന ആളെ ... മടൽ കൊത്തിയിടുന്ന ആളെ നോക്കി അവൾ വിളിച്ചു...


" അമ്മിണ്ണ്യമ്മേ..... "


പ്രതീക്ഷിക്കാതെയുള്ള വിളിയാണോ അതോ ആളെയാണോ അവരെ ഒരു നിമിഷത്തേക്ക്‌ സ്തബ്ധയാക്കിയതെന്നറിയില്ല ...


"അല്ല ആരാത്‌.... ക്ക്‌ വിശ്വസിക്കാൻ പറ്റണില്യേ....."


 ഓടിവന്ന്നവരെന്നെ ആലിംഗനം ചെയ്യുമ്പോൾ അവരുടെ വിയർപ്പിൽപോലും സ്നേഹത്തിന്റെ ഗന്ധം മാത്രം...


       ചാണകമെഴുകിയ  അരികത്തിണ്ണയിലേക്ക്‌ കയറിയിരുന്ന എന്നെത്തന്നെ നോക്കി നിൽക്കുന്ന അമ്മിണ്ണ്യേമ്മടെ  കണ്ണുകളിലൂടെ ഭൂതകാലത്തെ ഓർമ്മകളിലേക്ക്‌ മുങ്ങാംകുഴിയിട്ട്‌ മുത്തും പവിഴവും തിരഞ്ഞൂ...


      സംശയം  ഒഴിയാത്ത ആവനാഴിപോലുള്ള അവളുടെ മനസ്സിനെ അവര്‌  എന്തു ഉപയോഗിച്ചായിരുന്നു കീഴ്പ്പ്പെടുത്തിയത്‌  അഞ്ജാതമാണെനിക്കിന്നും ഉത്തരം... ഒന്നുമാത്രമറിയാം  അവളിന്നും അവരുടെ മുന്നിൽ  ഇരുവശവും മുടിമെടഞ്ഞിട്ട്‌ നെറ്റിയിൽ ചന്ദനക്കുറിയും മുട്ടോളം ഇറക്കമുള്ള പാവാടക്കാരിയായ അമ്മൂട്ടിയാണെന്ന്.. തൊലിപ്പുറമേയുള്ള ചുളിവുകളും വെള്ളികെട്ടിയ തലനാരിഴകളും  കാലം അവർക്ക്‌ മാറ്റങ്ങൾ നൽകിയെങ്കിലും ... അവളുടെ  തീരാസംശയങ്ങൾക്ക്‌ ഉത്തരം നൽകുമ്പോൾ തിളക്കമുള്ള കണ്ണുകൾക്ക്‌ ഒരു മാറ്റവും സംഭവിച്ചിട്ടില്ല... ഒരുപക്ഷേ, കാലവും പരാജയം സമ്മതിച്ചിരിക്കുകയാവാം  അതോ ആ തിളക്കം കാലത്തിന്‌ ഏറെ ഇഷ്ടമായിരിക്കുമോ...


   " ചായ ഉണ്ടാക്കിത്തരട്ടെ ..... ന്റെ ചാളെല്‌  വന്നിട്ട്‌ ഒന്നും തിന്നാതേ കുടിക്കതേം പോയ  നിക്ക്‌ ദെണ്ണാവും...."


അവരുടെ വാക്കുകളാണ്‌  ഭൂതക്ക്കാല സ്മരണയിൽ നിന്ന് വർത്തമാനക്കാലത്തേക്കെത്തിച്ചത്‌....


 "ഉം...കട്ടൻ ചായ മതി..."


   അകത്തേക്ക്‌ പോയ അവർ നിമിഷങ്ങൾ കൊണ്ട്‌ ആവി പറക്കുന്ന നല്ല കടും ചായയുമായ്‌ വന്നു... കൈയ്യിൽ ബിസ്ക്കറ്റിന്റെ നുറുങ്ങുപൊട്ടുകളും  അത് അവൾക്ക്‌ നേരെ നീട്ടി...


          മുറ്റത്തേ പൂക്കളത്തേക്ക്‌ നോക്കി അവല്‌ ചോദിച്ചു


 "ആരാ ഇത്‌ ഇട്ടത്‌... "??


" ഞാനന്നേ കുട്ട്യേ... , അല്ലാണ്ടാര മക്കളെയൊക്കെ  തന്നിട്ടുണ്ട്‌ ദൈവം. പക്ഷെ അവരെല്ലാം  തിരക്കിലാത്രേ...


ഇന്ന് വലിയ വില കൊടുത്തു  മത്സരബുദ്ധിയോടെ പൂക്കളം തീര്‍ക്കുന്ന സംസ്കാരതിനോട്   ഉറക്കെ വിളിച്ചുപറയണം.... അന്നത്തെ ചേമ്പിലയില്‍ ശേഖരിക്കുന്ന ചെമ്പരത്തിയുടെയും  , തുംബപ്പൂവിന്റെയും, മുക്കുറ്റിയുടെയുമെല്ലാം മൂല്യം....


ഒരു ദീര്‍ഘനിശ്വാസം ചിന്തകള്‍ക്ക് കൂട്ടായിവന്നു...


  "അമ്മുണ്ണ്യേമ്മക്ക്‌ ഓർമ്മണ്ടോ, തറവാട്ടിൽ പൂക്കളങ്ങൾക്ക്‌ വേണ്ടി ചാണകം മെഴുകുമ്പോൾ അറച്ചുനിന്ന  കുട്ടിയമ്മുവിനോട്‌ പറഞ്ഞത്‌.."?


" ന്റെ അമ്മൂട്ട്യേ ചാണകം ന്നു വെച്ചാ ന്താച്ചിട്ടാ  ദൈവാണ്  ... കുട്ടിക്ക്‌ അറിയ്യോ, മ്മള്‌ തോടണ ഭസ്മം ണ്ടല്ലോ    അത്‌ ചാണംകൊണ്ടാ ഇന്ടാക്കണേ ... അപ്പോ പിന്നെ ഇത്‌ അറയ്ക്കാൻ പാടുണ്ടോ ...നല്ലകുട്ട്യോളോന്നും അങ്ങനെ അറപ്പ്‌ കാണിക്കാൻ പാടില്യാ ട്ട്വോ.... "


  ഒരു മിമിക്രി ആർട്ടിസ്റ്റിൻ പോലെ  അവളത്‌ അനുകരിച്ചപ്പോള്‌  അവർ പൊട്ടിച്ചിരിച്ചു


  "  ഞാന്‌ നിരീച്ചത്‌ അമ്മൂട്ടി വളർന്നപ്പോ വല്യ അമ്പ്രാട്ടികുട്ടിയായിന്നാ ... പഴേതൊക്കെ ഓർക്കണണ്ടെന്ന് അറിഞ്ഞപ്പോ സന്തോഷായ്‌ ... "


കണ്ണിൽ ഒരു ജലകണം ... പിന്നെ നിറഞ്ഞ്‌ ധാരധാരയായ്‌ ഒഴുകി തടയാൻ ശ്രമിച്ച  ഇരുകൈകളും ഉടുത്തിരുന്ന കള്ളിമുണ്ടിന്റെ കോന്തലയും തികച്ചും പരാജയപ്പെടുകയായിരുന്നു..


 വളരെ അടഞ്ഞ സ്വരത്തിൽ അമ്മുണ്യേമ്മ പുലമ്പിക്കൊണ്ടേയിരുന്നു


"സന്തോശായ്‌..... സന്തോശായ്‌ ..."


    ആ  നിമിഷം അവളുടെ കണ്ണുകളിലും ഈറൻ പടരുന്നുണ്ടായിരുന്നു  ... ഇള വെയിൽ പുഞ്ചിരിതൂകിന്നുണ്ടായിരുന്നിട്ടും  മഴ പെയ്യുമോ എന്ന അപ്രസക്തമായ ചോദ്യമുന്നയിച്ച്‌ മുകളിലേക്ക്‌ നോക്കിയത്‌  കണ്ണീര്‌ കവളിലൂടെ ചാല്‌ വെട്ടാതിരിക്കാൻ വേണ്ടി മാത്രം..


     യാത്ര പറഞ്ഞ്‌ ഇറങ്ങുന്ന അവളുടെ കൈയ്യിലേക്ക്‌ അവർക്ക്‌ കിട്ടിയ കൂൺ"  ഇത്‌ അമ്മൂട്ടിക്ക്‌ ന്റെ  സമ്മാനാ..." ന്നു പറഞ്ഞ്‌ ഏൽപ്പിച്ചു. അന്ന് കറിവെക്കാൻ ആരെങ്കിലും കൊടുത്തതായിരിക്കാം അല്ലെങ്കിൽ അപൂർവ്വമായ്‌ മാത്രം കിട്ടിയതാവാം  എന്നിട്ടും അതിൽ നിന്ന് ഒരെണ്ണം പോലും മാറ്റിവെയ്ക്കാതെ ........ ആ നിഷ്കളങ്ക സ്നേഹം അത്‌ ആവോളം അനുഭവിക്കാൻ കഴിഞ്ഞതായിരുന്നു അവളുടെ ഭാഗ്യം....


       പാതി വഴി വരെ അവൾക്ക്‌ കൂട്ട്‌ വന്ന് .....  അവള്‌ നടന്നകലുമ്പോൾ  അവരുടെ ശബ്ദത്തിന്റെ മാറ്റൊലി കൂട്ടായ്‌ കാതുകളിൽ മന്ത്രിച്ചുക്കൊണ്ടിരുന്നു


  "സൂക്ഷിച്ച്‌ പോണേ, കാലം വല്ലാത്തതാ ...."


 ഈ കരുതൽ തനിക്ക്‌ മാത്രം സ്വന്തമെന്ന തിരിച്ചറിവിൽ അവള്‌ തിരിഞ്ഞൊന്ന് നോക്കി വെറുതേ...... !!! "

5 comments:

  1. അക്ഷരത്തെറ്റുകൾ കല്ലുകടിയായി തോന്നിപ്പിച്ചില്ലെങ്കിൽ വളരെ മനോഹരമായ കഥ.ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതാണ്‌ 😢

      Delete
  2. എഴുത്തിന്റെ വരം ഈശ്വരൻ തനിക്കു തന്നിയിട്ടുണ്ട് കുട്ടി..ആശംസകൾ





    ReplyDelete
    Replies
    1. നന്ദി ഈ വാക്കുകൾക്ക്‌

      Delete
    2. നന്ദി ഈ വാക്കുകൾക്ക്‌

      Delete