Monday, October 24, 2016

ഒരാൾ

ഇളം സന്ധ്യയുടെ നിറമുള്ള ഏലക്കാ മണമുള്ള കടുംചായ അയാൾക്ക്‌ വളരെ ഇഷ്ടമായിരുന്നു അതുകൊണ്ട്‌ തന്നെ അവള്‌ അത്‌ ഒരു ഗ്ലാസ്സിൽ പകർന്ന് അയാൾക്ക്‌ നേരെ നീട്ടിയപ്പോൾ അയാളുടെ മുഖം വികസിക്കുന്നതോടൊപ്പം ആ ചായയുടെ ഗന്ധം ആസ്വദിക്കാൻ നാസികയും വിടർന്നിരുന്നു. ചൂട്‌ ചായ അയാള്‌ ആസ്വദിച്ചു കുടിക്കുന്നത്‌ കാണാൻ അവള്‌ എന്നും ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട്‌ തന്നെ അയാളുടെ അരികെ ഇരുന്നു.



"ശ്ശി കാലായി ഈ വഴി വന്നിട്ട്‌ ..."

വയസ്സ്‌ ഏറി വരുന്തോറും കൊഞ്ഞലും അയാളിൽ കൂടിയിരിക്കുന്നു.. എങ്കിലും കുഞ്ഞുനാളിൽ തൊട്ട്‌ കേട്ട്‌ പരിചയമുള്ള അവൾക്ക്‌ അതൊരു പ്രശ്നമായി തോന്നിയതേയില്ലാ.
"അതെ കുഞ്ഞൂട്ടമാമേ കണ്ടിട്ട്‌ കുറേ ആയീന്ന് ചെറിയമ്മേം പറയണു കേട്ടു.. "
"ആവു ... സന്തോഷായി ഒരാളെങ്കിലും ന്നെ കുറിച്ച്‌ അന്വേഷിക്കുന്നുണ്ടല്ലോ .. അതന്നെ സന്തോഷാ.. ആരൂല്ല്യാ ന്ന ചിന്ത മാറണതന്നേ ഇവിടേക്ക്‌ വരുമ്പോഴാ ... പറഞ്ഞു വരുമ്പോ ഞാൻ ആരാ ഇവിടത്തെ തായ്‌ വഴിയിലെ അകന്ന ഒരു ബന്ധം .. അതറിഞ്ഞിട്ടും നിങ്ങളെല്ലാരും ന്നെ കുഞ്ഞൂട്ടമാമേന്ന് വിളിക്കുന്നുണ്ടല്ലോ അത്‌ പൂർവ്വജന്മ സുകൃതം.."
"കുട്ടീ.., നിനക്കറിയോ ... ?? ന്റെ ഒടപ്പെറന്നോളില്ലേ ദേവൂ അവൾക്ക്‌ ഞാനൊരു ശല്യായിത്രേ .. അവൾടെ കുട്ട്യോൾക്ക്‌ ഞാൻ അങ്ങോട്ട്‌ പോവണതേ ശരിയല്ലാ.. ഞാനിപ്പൊ പോവാറൂല്ല്യാ... "
"അപ്പോ കുഞ്ഞൂട്ടമാമേടെ താമസം....?? " ചോദ്യത്തിനനസുരിച്ച്‌ അവളുടെ പുരികങ്ങളും വളഞ്ഞു നിന്നു.
ഞാനിപ്പോ എവിടെ ആയാലും ആർക്കാ കൊഴപ്പം ... ?? ന്റെന്നു കിട്ടാനുള്ളതെല്ലം കിട്ടേണ്ടവർക്ക്‌ കിട്ടി.... "
അവളുടെ ചോദ്യം വേണ്ടായിരുന്നൂന്ന് മനസ്സിൽ സ്വയം വിശ്കലനം ചെയ്യുമ്പോഴെക്കും
"ന്തോ ഓർത്തിട്ടെന്നപോലെ അയാള്‌ തുടർന്നു.. ഒരു ശിവന്റെ അമ്പലത്തിലാ ...അവിടെ പുറത്ത്‌ എമ്പ്രാന്തിരിയെ സഹായിക്കും രാത്രി യക്ഷി തറയുണ്ട്‌ അവിടെ കിടക്കും.."
"യക്ഷി തറയിലോ...?? "ശ്വാസം പിടിച്ചു നിർത്തിയായിരുന്നു ആ ചോദ്യം....
" ഹ ഹ അതേ... കരിങ്കല്ലിൽ ആവാഹിച്ചു കുടിയിരുത്തിയിരിക്കുന്നാ ആ യക്ഷിത്തറയിലെ യക്ഷി ഇതുവരെ നിക്ക്‌ ഒരു ദ്രോഹവും ചെയ്തിട്ടില്ല്യാ.."
ഉം... കുഞ്ഞൂട്ടമാമ ഇരിക്കൂ ട്ടോ ഞാൻ ഉച്ചക്കലേക്കുള്ളത്‌ നോക്കട്ടെ .... നി പ്പോ പതുക്കെ പോയാലും മതീലോ ... വേണച്ചാ ഒന്നു മയങ്ങിക്കോളൂ...
പകലുറക്കം പതിവില്ല്യാ... ഞാൻ തൊടിയിലൂടെ ഒന്ന് നോക്കീട്ട്‌ വരാം.. അതും പറഞ്ഞ്‌ കീയിലെ തുണി സഞ്ചിയിൽ നിന്നെടുത്ത ഒറ്റമുണ്ട്‌ മാറിയുടുത്തു.
ഉച്ചക്ക്‌ ഇഷ്ടവിഭവങ്ങൾ കൂട്ടി ഭക്ഷ്ണം കഴിക്കുമ്പോൾ അയാള്‌ കണ്ണുകൾ തുടച്ചുകൊണ്ടിരുന്നത്‌ കറികളിലെ എരിവിന്റെ അതി പ്രസരണം കൊണ്ടല്ലായിരുന്നു.
ആയകാലത്ത്‌ കൂടപ്പിറപ്പുകൾക്ക്‌ വേണ്ടി ജീവിച്ച്‌ ചോരയും നീരും ഒഴുക്കിയ ആള്‌, ചുക്കിചുളിഞ്ഞ ദേഹവും വിറകൊള്ളുന്ന കൈകളുമായ ആ മനുഷ്യൻ പലരുടെയും പ്രതിനിധിയായി തോന്നി.
വൈകുന്നേരത്തെ ചായയും കുടിച്ച്‌ ഇറങ്ങാൻ തുടങ്ങിയ കുഞ്ഞൂട്ടമാമേടെ കൈയിലേക്ക്‌ അവൾ കുറച്ച്‌ നോട്ടുകൾ വെച്ചു കൊടുത്തു..
"ഇപ്പോ ഞാനും ഒരു ഭിക്ഷാന്തേഹിയായി ഒറ്റ വ്യത്യാസെ ഉള്ളൂ ഞാൻ തെണ്ടുന്നത്‌ ഇതുപോലെ ബന്ധു വീടുകളിൽ പോയിട്ടാന്നു മാത്രം .അതുപോലെ ആരോടും ചോദിക്കേണ്ട ആവശ്യോല്ല്യാ ല്ലാരും ഇതുപോലെ തരും ... ഹ ഹ.."
ആ ചിരി പരിഹാസത്തിന്റെ ആയിരുന്നോ ആഹ്ലാദത്തിന്റെ ആയിരുന്നോന്നു അറിയാൻ കഴിഞ്ഞില്ല്യാ അല്ലെങ്കിൽ ശ്രമിച്ചില്ല..
അയാൾ പോയിക്കഴിഞ്ഞും ഒരു ഏലക്കാ മണം അവിടെ നിറഞ്ഞു നിന്നു... ക്രമേണ ആർക്കും വേണ്ടാത്ത ആ ഗന്ധം നേർത്തില്ലാതായി (?) ....

11 comments:

  1. Evideyekoyo kandu maranna mughangal manassilekku oramavannu.nannayirikkunu eniyum ezhthuka

    ReplyDelete
  2. എഴുതാ, നല്ലോണം. 😊😊😊

    ReplyDelete
  3. പരിചയമുള്ള പല മുഖങ്ങളും മനസ്സിലോട്ടു വരുന്നു

    ReplyDelete
  4. ബന്ധത്തിലെ ഒരു അപ്പൂപ്പൻ വീട്ടിൽ വന്നിരുന്നത്‌ ഓർത്ത്‌ പോയി.

    ReplyDelete
  5. ബ്ലോഗ്‌ തുടങ്ങാൻ കാരണം സു സു സുധി വാത്മീകം ആണോ??

    ReplyDelete
  6. നല്ല എഴുത്ത്.. ഒഴുക്കുള്ള ഭാഷ..
    ആശംസകൾ



    ReplyDelete