Thursday, October 27, 2016

സ്നേഹത്തണൽ..



      വൃശ്ചിക കാറ്റിനെപ്പോഴും ഒരു കുളിർമ്മയുണ്ടാവും ആ കാറ്റ്‌ വന്ന് സാന്ത്വനിപ്പിക്കുന്നത്‌ പോലെ തോന്നിയിട്ടുണ്ട്‌ പലപ്പോഴും.  മാത്രമല്ല പുലർച്ചയും ,സന്ധ്യക്കും മഞ്ഞിന്റെ തണുപ്പിനൊപ്പം അയപ്പന്മാരുടെ  ശരണം വിളിയും  ഈ അപൂർവ്വതകളാണ്‌ വീണ്ടും വീണ്ടും ഒരു നാട്ടിൻപുറം കാരിയായി ജീവിക്കാനെന്നെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നത്‌...

       ചിനക്കത്തൂർ താഴെക്കാവിലും ,മേലേക്കാവിലും തൊഴുത്‌ ഗണപതി കോവിലിന്റെ നടയിൽ ചെയ്ത തെറ്റിനു ഏത്തമിട്ട്‌  ആലിനെ പ്രദിക്ഷണം ചെയ്തു  പുറത്തേക്കിറങ്ങി ... നേരെ പോയത്‌ വർഷങ്ങളായി ഞാനുമെന്റെ സതീർത്ഥ്യരും  ആകാശത്തിനു കീഴെ അറിയുന്നതും അറിയാത്തതുമായ കാര്യങ്ങളെക്കുറിച്ച്‌ സംവദിച്ചതും വഴക്കിട്ടതുമായ അതേ ആൽത്തറയിലേക്ക്‌...   അഞ്ചുവർഷം പ്ലസ്‌ വൺ മുതൽ ഡിഗ്രി അവസാനം വരെ ഞങ്ങളുടെ ഒരു കേന്ദ്രം ...സൗഹൃദത്തിന്റെ മൂല്യവും ആഴവും ,അർത്ഥവും അനർത്ഥവും അങ്ങനെ ഒരുപാട്‌ സത്യങ്ങൾ മനസ്സിലാക്കിത്തന്ന ഇവിടവും ഞങ്ങൾക്കൊരു വിദ്യാലയവും കലാലയവും ആയിരുന്നൂ....

  പേഴ്സിൽ നിന്ന് കാശെടുത്ത്‌ കൂട്ട്‌ വന്ന അനുകുട്ടിയുടെ നേർക്ക്‌ നീട്ടി

"   അനുക്കുട്ടി നീ ആ കാണുന്ന കടയിൽ പോയി മസാല കടല വാങ്ങിച്ചിട്ട്‌ വാ.... നമുക്ക്‌ അത്‌ കഴിച്ചോണ്ട്‌ നടക്കാം അപ്പോ ക്ഷീണമറിയില്ല്യാ.... "

  "ആവൂ ന്റെ ചേച്ചി , ഈ കടയിൽ പോയി വാങ്ങിച്ചപോരേ ...."

  "അതു  വെണ്ട... ആ കടയിലെ ഫ്രഷ്‌ ആയിരിക്കും അതുകൊണ്ടാ പ്ലീസ്‌"

  "ഉം  ശരി..."
      അനുകുട്ടി പോയപ്പോൾ
   ആൽത്തറയുടെ പുറകുവശത്തേക്ക്‌ ഞാൻ  പോയി അവിടെ ഇപ്പോഴും ഇളകികിടക്കുന്ന ആ കരിങ്കല്ലുകൾ ഉണ്ടോയെന്നറിയാൻ  അവിടെയായിരുന്നൂ അജുവിന്റെ പ്രണയലേഖനങ്ങൾ  മെർലിനെ കാത്തിരുന്നത്‌ ... അതിന്റെ തൊട്ടടുത്ത വിടവ്‌ ഞങ്ങളുടെ തായക്കുരുവും ചോക്കും കാർഡ്ബോർഡിന്റെ കഷ്ണവും സൂക്ഷിക്കുന്നതായിരുന്നൂ... കിഴക്ക്‌ ഭാഗത്ത്‌ ഗ്രൗണ്ടിൽ  ഇന്ന് കാണുന്ന ഗോൾ പോസ്റ്റുകൾ ഉണ്ടായിരുന്നില്ല... പകരം ക്രിക്കറ്റിനായി ഉപയോഗിക്കുന്ന ശീമക്കൊന്നയുടെ  സ്റ്റാമ്പുകളായിരുന്നൂ... ഞങ്ങളുടെ (എൻ എസ്സി എസ്സിന്റെ ) എതിരാളികളായിരുന്നത് ‌ തൊട്ടടുത്തുള്ള  കോളേജിലെ കൂട്ടുകാരായിരുന്നൂ....

     ആദ്യമായി കോർക്കുകൊണ്ട്‌ കളിക്കുന്ന ദിവസം ...പതിവുപോലെ കാണികളായി ഞങ്ങൾ ഗ്രൗണ്ടിന്റെ ഓരം ചേർന്നിരിക്കുകയാരുന്നൂ... അവിടെ ഇരിക്കണ്ട സാദാ പന്തുപോലെ അല്ല കോർക്കെന്നും പറഞ്ഞ  രാജിവിന്റെ വാക്കുകളെ ഞാൻ പുല്ലുപോലെ അവഗണിക്കുകയും  അജുവന്നെ എഴുന്നേറ്റ്‌ പോടിയെന്ന് പറഞ്ഞപ്പോൾ നീ മെർലിനെ പോയി വിളിക്കടാന്നു പറഞ്ഞതല്ലാതെ തെല്ലിട അനങ്ങിയില്ല.. മാത്രമല്ല മെർലിനെയോ സ്വപ്നയെയോ ദീപയെയോ അനങ്ങാൻ സമ്മതിച്ചിരുന്നുമില്ല...  ആദ്യത്തെ ബോളിൽ തന്നെ‌ കൃത്യമായി അടിച്ചെന്റെ നെറ്റിയിൽ വെറൊരു കോർക്കുണ്ടാക്കിയതും അജു തന്നെ ....

   ആദ്യമേ നിന്നോട്‌ പറഞ്ഞതല്ലേന്ന് ..പറഞ്ഞ്‌  അവന്റെ ചിരി എന്റെ മുഖത്തെ വേദനയുടെ ചുളിവുകൾ തീർക്കുന്നത്‌ കണ്ടപ്പോൾ മാഞ്ഞുപോയിയെന്നു മാത്രമല്ല ഓടിപ്പോയി അടുത്ത വീട്ടിലെ ചേച്ചിടെന്നു ഐസ്ക്യ്കൂബ്സ്‌  എന്റെ നെറ്റിയിൽ വെച്ചു തരുമ്പോഴെല്ലാം അവന്റെ കണ്ണിൽ നിന്നും നീർക്കണങ്ങൾ  ഉരുണ്ട്കൂടി പുറത്തേക്ക്‌ വന്നിരുന്നൂ.. അന്ന് ഞങ്ങളറിയുകയായിരുന്നൂ ബന്ധങ്ങളുടെ ദൃഡത... പിന്നീട്‌ പലപ്പോഴും നീ അന്ന് മനപ്പൂർവ്വം എന്റെ മുഖത്തേക്കടിച്ചതല്ലേ ചോദിക്കുമ്പോൾ അവൻ കുസൃതിയോടെ ചിരിക്കും അപ്പോഴെല്ലാം അവന്റെ കണ്ണുകളിൽ ഒരു കുറ്റബോധത്തിന്റെ മങ്ങലുമുണ്ടായിരുന്നൂ.....

 ഞാനിരിക്കുന്ന ആൽത്തറയെ ലക്ഷ്യമാക്കി നാലുപേർ വന്നൂ  , അഞ്ചു വർഷങ്ങൾക്ക്‌ ശേഷം രണ്ട്‌ വർഷത്തിന്റെ ഇടവേള മാത്രമാണ്‌ ഉണ്ടായിട്ടുള്ളൂ പക്ഷെ അപ്പോഴേക്കും ഈ സ്ഥലവും വേറെയാർക്കൊക്കെയോ സ്വന്തമായിരിക്കൂന്നൂ... എന്തോ അപ്പോലെന്നിൽ രൂപമെടുത്ത അഹംഭാവം എന്നെ അവിടെത്തന്നെ നിശ്ചലയാക്കി...  ഒരനക്കവുമില്ലാതെ  അവിടെത്തന്നെയിരുന്നതിനാലാവാം
ആ ദിനമെനിക്കായ്‌ നൽകി അവരെ തിരികെ നടക്കാൻ പ്രേരിപ്പിച്ചത്‌...

    "   കടലയുമായി തിരിച്ചെത്തിയ അനു ചോദിച്ചൂ കുറച്ച്‌ നീരം ഞാനും ഇവിടെ ഇരിക്കട്ടെ ...."

  "വേണ്ട പ്പോ തന്നെ സമയം വൈകി ഞാൻ ധൃതിയിൽ  കാലുകൾ മുന്നോട്ട്‌ വെച്ചൂ...."

"  അമ്മുവേച്ചിക്ക്‌  ഭയങ്കര അസൂയയും  സ്വാർത്ഥതയും ഉണ്ട്‌ ട്ടോ..... "

" നിക്കോ..... ?"

 ഉം..... ചേച്ചിയും കൂട്ടുകാരും കൂടി ആ ആൽത്തറയിൽ ഇരിക്കുന്നത്‌ ഞങ്ങൾ സ്കൂൾ കഴിഞ്ഞ്‌ വരുമ്പോൾ കാണാറുള്ളതാ.. മാത്രമല്ല ഞങ്ങൾക്കൊക്കെ അസൂയയായിർന്നൂ  ... ഞാനും കരുതീട്ടുണ്ടായിരുന്നൂ പത്താംക്ലാസ്‌ കഴിഞ്ഞ്‌ കൂട്ടുകാരടെ കൂ ടെ വന്നിരിക്കണമെന്ന്... പക്ഷെ എനിക്ക്‌ കിട്ടിയില്ല.... "

  ശരിയാണു കുട്ടി..... നീ എത്ര നന്നായി മനസ്സിലാക്കിയിരിക്കുന്നൂ.... ആ ആൽത്തറയിൽ ഒറ്റക്കിരിക്കാനെനിക്കിഷ്ടമല്ല  ആ ഒറ്റപ്പെടുത്തൽ നികത്താൻ പുതിയൊരാളെ കൂടെ കൂട്ടാനൊട്ടും ഇഷ്ടമല്ല... ശരിയായിരിക്കാം അല്ല ശരിയാണ്‌ അതിലെനിക്ക്‌ സ്വാർത്ഥതയുണ്ട്‌ ...   ഈ സൗഹൃദകൂട്ടിൽ എനിക്ക്‌ അഭിമാനവും അതിലുമേറെ  സംതൃപ്തിയുമുണ്ട്‌... അതുകൊണ്ട്‌  തന്നെ നിശബ്ദമായി മന്ത്രിച്ചുകൊണ്ടേയിരിക്കുന്നൂ എന്റെ ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണ്‌......!!!!! ‌

2 comments:

  1. കൊള്ളാം.സ്വാർത്ഥത ആണെങ്കിലും വേർപാടിന്റെ നോവുണ്ട്‌.

    ReplyDelete
  2. നഷ്ടബോധത്തിന്റെ വരികൾ..ഉള്ളിൽ എവിടയോ ഉണ്ട്..നന്നായി എഴുത്ത്‌






    ReplyDelete