Monday, October 31, 2016

ദാവണികനവുകൾ...



തുലാം പത്ത്‌ കഴിഞ്ഞാൽ മഴ മരപൊത്തിലാണെന്ന് ഒരു പഴമൊഴിയുണ്ട്‌. ഇതിവിടെ കുറിക്കാൻ കാരണം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പത്രവാർത്തകളിൽ സ്ഥാനം പിടിക്കാത്ത അല്ലെങ്കിൽ ആരുന്‍ ശ്രദ്ധിക്കപെടാതെ പോയ ഒരു വാർത്ത വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.. ആർഭാട ജീവിതത്തിനു വേണ്ടി മോഷണം തൊഴിലാക്കിയവരെ പിടികൂടിയെന്ന്. മഴക്കാലം മരപ്പൊത്തിൽ വിശ്രമിക്കാൻ പോയി എന്ന് തസ്ക്കരന്മാർ മനസ്സിലാക്കിതുടങ്ങി എന്നർത്ഥം.....

മോഷണം ആർഭാഡജീവിതത്തിനു വേണ്ടിയെന്ന് പറയുമ്പോൾ തന്നെ നമ്മൾ മലയാളികളായ അനുകരണനത്തിനു എത്ര പ്രാധാന്യം കൊടുക്കുന്നൂവെന്ന് ചിന്തിക്കുന്നതിനോടൊപ്പം തന്നെ വേറെ ഒരു സംസ്ഥാനത്തും ഇത്രത്തോളമുണ്ടാവുകയില്ല... അഭിമാനിക്കാം..(?). ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന അറിയപ്പെടുന്ന കേരളത്തിൽ ആണ്‌ ഈ പ്രതിഭാസങ്ങൾ കൂടുതൽ അരങ്ങേറുന്നത്‌ എന്ന പേരിൽ...

അനുകരണം നല്ലത്‌ തന്നെ ഒരു നാണയത്തിനു ഇരുവശമെന്നപോലെ അനുകരണത്തിനുമുണ്ട്‌ ഇരട്ടമുഖം. അതിൽ ഏറ്റവും നല്ലരീതിയിൽ അനുകരണത്തെ പ്രോത്സാഹിപ്പിക്കുന്നത്‌ മാതാപിതാക്കളാണ്‌ .. അത്‌ വേറെ ഒന്നിനും വേണ്ടിയല്ല. നന്നായി പഠിക്കുന്ന അല്ലെങ്കിൽ പെരുമാറുന്ന ഏതെങ്കിലും സദസ്വഭാവമുള്ള ഒരു കുട്ടിയുണ്ടെങ്കിൽ നോക്കൂ അവനെ/ അവളെ കണ്ട്‌ പഠിക്ക്‌ എന്ന് പറഞ്ഞാൽ ആ കുട്ടി പിന്നീട്‌ അയൽവാസിയുടെ സ്വഭാവങ്ങളെ അനുകരിക്കാൻ ശ്രമിക്കും കാരണം സ്വന്തം വീട്ടുകാരുടെ മുന്നിൽ താനും മോശക്കാരല്ല എന്ന് തെളിയിക്കാൻ വേണ്ടി . ഞാനും അനുകരിച്ചിട്ടുണ്ട്‌. അതിന്റെ തിക്തഫലം അനുഭവിച്ചിട്ടുമുണ്ട്‌ ആ ഓർമ്മകളിലേക്ക്‌......

പത്താംക്ലാസ്‌ പരീക്ഷ കഴിഞ്ഞ സമയം. ഒരു മാസം എനിക്ക്‌ സ്വാതന്ത്ര്യം തന്നിരിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ ഞങ്ങളുടെ വീട്‌പണിക്ക്‌ വേണ്ടി കൊല്ലങ്കോട്‌ ആലമ്പള്ളമെന്ന അഗ്രഹാരത്തിൽ താമസിക്കുന്ന സമയം.
ആ ഗ്രാമത്തിലെ ആദ്യത്തെ പുലരി. ഞാനെഴുന്നേറ്റ്‌ കുളിച്ച്‌ നേരെ ഉമ്മറത്തേക്ക്‌ . ഉമ്മറമെന്ന് പറയാൻ ഇല്ല കാരണം ഗ്രില്ലിട്ടിട്ടുണ്ട്‌.. ഒരു അരമതിലുണ്ട്‌ അവിടെയിരുന്നു ഞാൻ അഗ്രഹാരത്തിന്റെ മനോഹാരിത ആസ്വദിക്കുകമായിരുന്നൂ. പാൽക്കാരനും ,പൂക്കാരനും അവിടെ നിത്യസന്ദർശകർ മാത്രമല്ല ഓരോ വീട്ടിലെയും അംഗം പോലെതന്നെ. ഞാനെന്ന പുതിയമുഖത്തെ കണ്ടത്‌ കൊണ്ടോ ബിസിനസ്സ്‌ ട്രിക്കോ എനിക്കും ഒരു മുഴം പൂവ്‌ തന്നു. പിച്ചിയും മുല്ലയും കൂടി ഇടകലർത്തി വാഴനാരിൽ കെട്ടിയെടുത്ത നല്ല വാസനയുള്ള പൂമാല. ഈ കാഴ്ച്ചകൾക്കിടയിലാണ്‌ എന്നെയും മോഹിപ്പിച്ച എനിക്കും അനുകരണം എന്നാ കല എന്റെ മനസ്സിൽ ഇരച്ചുകയറിയത്‌ . എന്റെ പ്രായത്തിലുള്ള കുട്ടികളെല്ലാം ദാവണിചുറ്റി പൂവും ചൂടി കൈനിറയെയുള്ള കുപ്പിവളകളും ഇട്ട്‌ ഗോപികമാരായി അമ്പലത്തിലേക്ക്‌ പോവുന്നൂ . അതും സൈക്കളിൽ. അതുമാത്രമോ ഈ പോവുന്നവരെല്ലാം എന്നെ നോക്കി ഒരു പരിഹാസചിരി സമ്മാനിച്ചിരുന്നു. നിനക്ക്‌ ഇതിനൊന്നും കഴിയില്ല പെണ്ണേയെന്ന് നിശബ്ദമായി പറയുന്നൂ അവരുടെ ചിരിയും മിഴികളും. അത്‌ സ്ഥാപിക്കാനെന്നോണം പിന്നീടുള്ള ദിവസങ്ങളിൽ സൈക്കളിലെ ബെല്ലടിച്ച്‌ എന്നെ പ്രകോപ്പിച്ചുകൊണ്ടേരുന്നൂ. പ്രകൊപിതയും പ്രലോഭിതയുമായി.ഞാന്‍ തീരുമാനിച്ചു .. ദാവണിയുടുത്ത്‌ ഒരു പ്രാവശ്യമെങ്കിലും സൈക്കളിൽ അവരുടെ മുന്നിലൂടെ പോകണമെന്ന്... തുടർന്ന് വീട്ടിൽ നിരാഹാരസമരംവരെ നടത്തി ഒരു ദാവണി സംഘടിപ്പിച്ചൂ...

എന്നത്തെക്കാളും നേരത്തെ ഉണർന്ന് കുളിച്ച്‌ മുടിയിൽ പൂവ്‌ വെച്ച്‌ കുപ്പിവളയും.. മഞ്ഞയിൽ ചുവന്നനിറത്തോട്‌ കൂടിയ കസവുകരയുള്ള പാവാടയും ബ്ലൗസും അതിനു യോജിക്കുന്ന ചുവപ്പ്‌ ദാവണിയും ചുറ്റി ഞാനുമൊരു ഗോപികയായി; കണ്ണനെ കാണാൻ പോവുന്ന മറ്റ്‌ ഗോപികമാരെപ്പോലെ.

ചേട്ടന്റെ സൈക്കളെടുത്ത്‌ ഞാനും അമ്പലത്തിലേക്ക്‌ വെച്ച് പിടിച്ചു. മണൽവിരിച്ച അഗ്രഹാരമുറ്റത്തുകൂടെ സൈക്കിൾ ഉപയോഗിക്കുക പ്രയാസമാണെന്ന് ആദ്യത്തെ തിരിച്ചറിവായിരുന്നു. തോൽക്കാൻ മനസ്സ്‌ സമ്മതിച്ചില്ല. സൈക്കളിന്റെ പെഡലിൽ ആഞ്ഞ്‌ ചവിട്ടി ഞാന്‍ വേഗം കൂട്ടാന്‍ ശ്രമിച്ചതും പാവാട കാലിലും പെഡലിലും ഉടക്കി ഞാൻ വീണതുമൊരുമിച്ച്‌. ആ വീഴ്ച്ചയിൽ മണൽമുറ്റത്ത്‌ ഒളിഞ്ഞുകിടന്നിരുന്നകുപ്പിച്ചില്ല്ശരീരത്തിൽ തറച്ച്‌ കയറി. അനുകരണത്തില്‍ ഒളിഞ്ഞു കിടക്കുന്ന അബദ്ധങ്ങളുടെയും അതുണ്ടാക്കുന്ന ജാള്യതയുടെ ഓർമ്മപ്പെടുത്തലെന്നോണം ഇന്നുംയ്‌ ശരീരത്തിൽ ഒരു പാടായും മുറിവേറ്റ ആവേശത്തിന്റെയും അനാവശ്യയനുകരണത്തിന്റെ അടയാളമായും അവശേഷിക്കുന്നൂ..

ചില അനുകരണങ്ങളങ്ങനെയാണ്‌, ചോരപോടിഞ്ഞ മുറിപ്പാടിന്റെ ബാക്കിപത്രമായി ജീവിതാവസാനംവരെ നിലനിൽക്കും...

2 comments:

  1. ചുമ്മാ ഒരു ഓർമ്മ.അത്ര മാത്രം.

    എല്ലാ ഓർമ്മക്കുറിപ്പുകളിലും ധാരാളം അക്ഷരത്തെറ്റുകൾ.ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  2. കൊള്ളാം..ഒരു കൗമാരക്കാരിയുടെ മോഹഭംഗങ്ങൾ..എഴുത്ത് നന്നായി..ആശംസകൾ









    ReplyDelete